ന്യൂഡല്‍ഹി: ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കീഴിലുള്ള ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി. അന്തരിച്ച മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം എന്ന പേരിലാണ് ഇനി അറിയപ്പെടുക. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്റ്റേഡിയത്തിന്റെ പേര്മാറ്റല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
കായിക മന്ത്രി കിരണ്‍ റിജിജു, രാജ്യവര്‍ധന്‍ റാത്തോഡ്, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, ചേതന്‍ ചൗഹാന്, വിരാട് കോഹ് ലി മറ്റു ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റേഡിയത്തിലെ ഒരു പവലിയന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പേരിലാണ്. ഇതിന്റെ അനാവരണവും വ്യാഴാഴ്ച നടന്നു.