'മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കും'; യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെക്കുറിച്ച് ഞെട്ടിക്കുന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Update: 2022-03-04 08:41 GMT

ബെംഗളൂര്‍: യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തെക്കുറിച്ച് നിര്‍വികാരവും ക്രൂരവുമായ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു കര്‍ണാക ഹുബ്ലിയിലെ ബിജെപി എംഎല്‍എ അരവിന്ഗദ് ബെല്ലാഡ് പറഞ്ഞത്.

കര്‍ണാടകയിലെ ഹവേരിയില്‍നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയാണ് കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സൈന്യം ആക്രമിച്ചത്. വെടിയേറ്റ് മരിച്ചതാണോ അതോ സ്‌ഫോടനത്തില്‍ മരിച്ചതാണോ എന്ന് വ്യക്തമല്ല.

ഒരു മൃതദേഹം കൊണ്ടുവരുമ്പോള്‍ 8-10 പേര്‍ക്ക് ഇരിക്കാനുള്ള സ്ഥലം മെനക്കെടുത്തുമെന്നായിരുന്നു അര്‍വിന്ദ് പറഞ്ഞത്.

നവീന്റെ മൃതദേഹം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എംഎല്‍എ.

'നവീന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യുക്രെയ്ന്‍ ഒരു യുദ്ധമേഖലയാണ്, എല്ലാവര്‍ക്കും അത് അറിയാം. ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കഴിയുമെങ്കില്‍ മൃതദേഹം തിരികെ കൊണ്ടുവരും'- എംഎല്‍എ പറഞ്ഞു.

'ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മരിച്ചവരെ കൊണ്ടുവരുന്നത്. കാരണം ഒരു മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കും. ആ സ്ഥലത്ത് പകരം, എട്ട് മുതല്‍ 10 വരെ കയറ്റാന്‍ കഴിയും'- അദ്ദേഹം പറഞ്ഞു.

മൃതദേഹം തിരിച്ചെത്തിക്കാന്‍ പ്രധാനമന്ത്രി എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ മൃതദേഹം എത്തിക്കുമെന്ന് പറഞ്ഞിരുന്നതായി നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും ഇക്കാര്യത്തില്‍ ഉറപ്പ് പറഞ്ഞിരുന്നു. 

Tags:    

Similar News