ഇടുക്കി കാട്ടാന ആക്രമണത്തിലെ മരണം; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം
ഇടുക്കി: ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കും. കാട്ടാനകളെ തന്ത്രപൂര്‍വ്വം ജനവാസ മേഖലകളില്‍ നിന്നും കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീര്‍ഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായിരിക്കുന്നത്. മരണപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടെന്നും ഇതില്‍ അഞ്ച് ലക്ഷം രൂപ നാളെത്തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സില്‍ നിന്നും നല്‍കും. ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനും സുരക്ഷാ നടപടികളുടെ ഭാഗമായും ആനകളെ നിരീക്ഷിക്കാന്‍ പോയ വാച്ചര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചര്‍ ശക്തിവേല്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം ഇടുക്കിയില്‍ മൂന്നാര്‍ ഡിവിഷനിലും സമീപ പ്രദേശങ്ങളിലും സോളാര്‍ ഹാന്‍ങിംഗ് പവര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെ നടപ്പിലാക്കുന്നതിനും ജനവാസ മേഖലകളിലേക്കുള്ള കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിനുമായി വിശദമായ ഒരു പഠനം നടത്തിയിട്ട് ഈ പദ്ധതിയ്ക്ക് ആവശ്യമായ 194 ലക്ഷം രൂപ പ്രോജക്റ്റ് എലിഫന്റ് പദ്ധതിയുടെ കീഴില്‍ പട്ടിക വര്‍ഗ്ഗ സെറ്റില്‍മെന്റ് പ്രദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശിങ്കുകണ്ടം ചെമ്പകത്താഴുകുടി സെറ്റില്‍മെന്റ് പ്രദേശം 8.2 കി.മീ, 80 ഏക്കര്‍ കോളനി 5 കി.മീ, പന്താടിക്കളം 3.2 കി.മീ, തിടിര്‍നഗര്‍ 1 കി.മീ, ബി.എല്‍ റാം മുതല്‍ തിടിര്‍ നഗര്‍ വരെ 3.8 കി.മീ, കോഴിപ്പണ്ണക്കുടി 0.5 കി.മീ എന്നിങ്ങനെ ഹാന്‍ങിംഗ് സോളാര്‍ പവര്‍ ഫെന്‍സിംഗ് നിര്‍മിക്കുന്നതിനും ആര്‍.ആര്‍.ടി ശക്തിപ്പെടുത്തുന്നതിനും ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 559 ആദിവാസ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉള്‍പ്പെടെ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരികരിക്കുന്നതിനുള്ള നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ തന്നെ ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.