വാടക കെട്ടിടത്തിലെ മരണം: കെട്ടിട ഉടമക്കെതിരെ കേസ്
കെട്ടിട ഉടമയും പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ കെ.കെ.സമദിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
പരപ്പനങ്ങാടി: വാടക കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കാത്തതിന്റെ പേരില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. കെട്ടിട ഉടമയും പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലറുമായ കെ.കെ.സമദിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച്ച വൈകീട്ട് 8 മണിയോടെ താമസക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് രാമേഷ്‌ഹേമി (28) മരിച്ചിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവായ അഫ്താബ് മലപ്പുറം എസ്.പി.ക്ക് ഓണ്‍ലൈന്‍ മുഖേന നല്‍കിയ പാതിയിലാണ് പരപ്പനങ്ങാടി സിഐ. ഹണി കെ ദാസ് കെട്ടിട ഉടമക്കെതിരെ കേസെടുത്തത്. മതിയായ സുരക്ഷാ ക്രമീകരണമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കെട്ടിടം ക്വാറന്റയ്ന്‍ കേന്ദ്രമാക്കി താമസിപ്പിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. മൂന്ന് ദിവസം മുമ്പാണ് പറമ്പില്‍ പീടികയിലുള്ള ചപ്പാത്തി കമ്പനി ജോലിക്കാരായ മൂന്ന് പേര്‍ക്ക് പരപ്പനങ്ങാടി മുറിക്കലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
എന്നാല്‍ നേരത്തെ മുന്‍സിപ്പാലിറ്റി ക്വാറന്റയ്ന്‍ കേന്ദ്രമാക്കാന്‍ ഏറ്റെടുത്ത കെട്ടിടമായിരുന്നു ഇതെന്നും, തല്‍ക്കാലം ആവശ്യമില്ലാത്തത് കാരണം ഒഴിവാക്കുകയായിരുന്നെന്നും, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തിയാണ് മൂന്ന് പേരെയും താമസിപ്പിച്ചതെന്നും കെ കെ.സമദ് അറിയിച്ചു. പരാതി നല്‍കിയതിന്റെ അടിസ്ഥാനം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.