ധീരനു മരണം ഒറ്റത്തവണ മാത്രം; നിലമ്പൂരില്‍ പി.വി.അന്‍വറിനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് ടാക്‌സി, ഓട്ടോറിക്ഷ, ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ബോര്‍ഡ് വച്ചത്.

Update: 2024-09-28 09:35 GMT

മലപ്പുറം : ഇടത് സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് ടാക്‌സി, ഓട്ടോറിക്ഷ, ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ബോര്‍ഡ് വച്ചത്.''കേരളത്തില്‍ രാജഭരണം തുടങ്ങിയിട്ട് 8 വര്‍ഷം കഴിഞ്ഞു. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയില്‍ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോള്‍ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാന്‍ വരുന്നവരുടെ മുന്നില്‍ ഒരു വന്‍മതില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട്. അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കള്‍ പലതവണ മരിക്കും... ധീരനു മരണം ഒറ്റത്തവണ മാത്രം'' എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകം.

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണമുന്നയിച്ച അന്‍വറിനെതിരെ സിപിഎം നിലമ്പൂരില്‍ പ്രതിഷേധ മാര്‍ച്ചും കോലം കത്തിക്കലുമടക്കം നടത്തിയിരുന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു നിലമ്പൂരില്‍ പ്രതിഷേധ പ്രകടനം. അന്‍വറിനെ നേരിടാന്‍ അണികളോട് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു എംവി ഗോവിന്ദന്റെ ആഹ്വാനം. ''ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും'' എന്നതടക്കം കടുത്ത ഭാഷയിലായിരുന്നു പ്രകടനം.

Tags:    

Similar News