സിദ്ധാർത്ഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി, ഗവർണർക്ക് പരാതി നൽകി കുടുംബം

Update: 2024-06-29 07:20 GMT

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പ്രതികളെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയതില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി സിദ്ധാര്‍ത്ഥിന്റെ കുടുംബം. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നാണ് കോളജ് അധികൃതരുടെ നടപടിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.

യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് പ്രതികളെ സംരക്ഷിക്കുന്നതിനായി ഉണ്ടായ നടപടിക്കെതിരെയാണ് പരാതിയെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം പ്രതികരിച്ചു. പരാതി പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ത്ഥന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി വിസിക്ക് അയക്കുമെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുകയും ചെയ്തിരുന്നു. ശേഷം അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സഹപാഠികളെയും സീനിയര്‍ വിദ്യാര്‍ത്ഥികളെയുംഅറസ്റ്റ് ചെയ്തു.

സിബിഐ ഏറ്റെടുത്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരീക്ഷ എഴുതാന്‍ പ്രതികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ അനുവാദം നല്‍കിയിരുന്നു. ഹാജര്‍ ഇല്ലാതെ പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നേരത്തെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ എന്ന സംഘടന വെറ്ററിനറി വിസിക്ക് നിവേദനം നല്‍കിയിരുന്നു.

Tags:    

Similar News