തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍
ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരന്‍ ഹര്‍ഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മര്‍ദ്ദിച്ചതും ചര്‍ച്ചയാകുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദിന്റെ(45) മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍. കുടുംബ പ്രശ്‌നങ്ങളാണ് ഹര്‍ഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഹര്‍ഷാദ് മനപ്പൂര്‍വ്വം പാമ്പിനെക്കൊണ്ട് തന്നെ കടിപ്പിച്ച് മരണം വരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹര്‍ഷാദിന്റെ മാതാപിതാക്കള്‍ പറയുന്നു.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഹര്‍ഷാദ് എന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ വീട്ടില്‍ നിന്ന് പോയതിന്റെ ദുഃഖത്തിലായിരുന്നു ഹര്‍ഷാദ്. മരണ ദിവസം ഹര്‍ഷാദിന് ഒരു ഫോണ്‍ എത്തി. ഇതിന് ശേഷം അസ്വസ്ഥനായി ആ ഫോണ്‍ തല്ലി തകര്‍ത്തുവെന്നും പറയപ്പെടുന്നു. അതേസമയം ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരന്‍ ഹര്‍ഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മര്‍ദ്ദിച്ചതും ചര്‍ച്ചയാകുന്നുണ്ട്. കാട്ടക്കട പൊലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് ഹര്‍ഷാദിന്റെ ഉമ്മ.
മകന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പരാതിയുമായി ഹര്‍ഷദിന്റെ മാതാപിതാക്കള്‍ പോലിസിനെ സമീപിച്ചതാണ് ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ഹര്‍ഷാദിന്റേത് ആത്മഹത്യയാണെന്നും ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മരണത്തിലെ ദുരൂഹത മാറും വരെ കാത്തിരുന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷം നഷ്ടപരിഹാരം കിട്ടുന്നത് വൈകും. ഇത് മനസ്സിലാക്കി പരാതി പിന്‍വലിക്കണമെന്നതായിരുന്നു ഭാര്യാസഹോദരന്റെ ആവശ്യം എന്നാണ് ആരോപണം. ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മയെ തല്ലുകയായിരുന്നു.