ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരേ വധഭീഷണി; കള്ളക്കഥകള്‍ ലൈവായി നിര്‍ത്താനുള്ള ശ്രമമെന്ന ആരോപണവുമായി പി ജയരാജന്‍

Update: 2021-07-21 09:01 GMT

വടകര: ആര്‍എംപിഐ നേതാവ് എന്‍ വേണുവിനും വടകര എംഎല്‍എ കെ കെ രമയുടെ മകന്‍ അഭിനന്ദിനും എതിരേ വന്ന ഭീഷണിക്കത്തിനെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. 'ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്ന് സംശിക്കുന്നതായും ജയരാജന്‍ ഫേസ് ബുക്കില്‍ എഴിതിയ കുറിപ്പില്‍ വ്യക്തമാക്കി. 

പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണമെന്നും ജയരാജന്‍ എഴുതുന്നു. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്തു വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

എംഎല്‍എ ഓഫിസിന്റെ മേല്‍വിലാസത്തിലാണ് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. ടിപിയുടെ മകന് ടിപിയുടെ അനുഭവമുണ്ടാകുമെന്നും എന്‍ വേണുവിനെ കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. പി.ജെ. ബോയ്‌സ്, റെഡ് ആര്‍മി തുടങ്ങിയ പേരുകളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. 

Tags:    

Similar News