വാഹന ലൈസന്‍സും ആര്‍സി ബുക്കും ഡിജിറ്റലാക്കാന്‍ തീരുമാനം
മോട്ടോര്‍ വാഹന ലൈസന്‍സുകള്‍ രണ്ടും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കി പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്
തിരുവനന്തപുരം: വാഹന ലൈസന്‍സും ആര്‍സി ബുക്കും ഡിജിറ്റലാക്കാന്‍ തീരുമാനം. മോട്ടോര്‍ വാഹന ലൈസന്‍സുകള്‍ രണ്ടും പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കി പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്.പരിവാഹന്‍ സൈറ്റിലെ സാരഥിയിലൂടെയാണ് ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുക. എല്ലാ രേഖകളും ഡിജിറ്റലാവുന്ന കാലഘട്ടത്തില്‍പ്രിന്റിങ് രേഖകള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റലാക്കാനുള്ള നടപടിയെന്നാണ് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കിയത്. ഇതോടെ മോട്ടോര്‍ വാഹന രേഖകള്‍ ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമാവും കേരളം.ഡ്രൈവിങ് ടെസ്റ്റ് പാസായി മാസങ്ങള്‍ക്ക് ശേഷം തപാല്‍ വഴി ലഭിക്കുന്ന പ്രിന്റഡ് ലൈസന്‍സിന് പകരം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിന് ആളുകളിലേക്ക് എത്തിക്കാനും പുതിയ നീക്കത്തിലൂടെ സാധിക്കും. ടെസ്റ്റ് പാസായി രണ്ട് മാസം കഴിഞ്ഞാണ് ലൈസന്‍സ് തപാല്‍ വഴി ആളുകള്‍ക്ക് ലഭിക്കുന്നത്. ആര്‍.സി ബുക്ക് ലഭിക്കുന്നതും മൂന്ന് മാസ കാലയളവിലാണ്. ഇതിന് പകരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയുന്ന സൗകര്യം ഉണ്ടാവും.
അതേസമയം ഐ.ടി. എയുമായുള്ള പ്രിന്റിങ് കരാറിനെ ധനവകുപ്പ് എതിര്‍ത്തിരുന്നു. ഇത് മൂലം മോട്ടോര്‍ വാഹന രേഖകള്‍ അച്ചടിക്കുന്നത് മുടങ്ങി. കുടിശ്ശിക നിലനില്‍ക്കുന്നതാണ് അച്ചടി മുടങ്ങാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിജിറ്റല്‍ രേഖകളിലേക്കുള്ള മാറ്റം ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.