രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്; പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനമായി കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി റിപോര്‍ട്ട്. കിഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,67,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 20 ശതമാനം കുറവാണ് ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം 2.09 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മാത്രം 1,192 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ അമേരിക്കയിലാണ് ഉള്ളത്. ഇന്ത്യ 4,14,69,499 രോഗബാധിതരുമായി രണ്ടാം സ്ഥാനത്താണ്.
രാജ്യത്ത് ഇതുവരെ 4.96 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുന്‍ മരണങ്ങള്‍ ചേര്‍ത്ത് 638 മരണങ്ങളാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനമായി. പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 15.7 ശതമാനമായിരുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 15.25 ശതമാനമാണ്.
രാജ്യത്തെ സജീവരോഗികള്‍ 17.43 ലക്ഷമാണ്. ആകെ രോഗബാധിതരുടെ 4.2 ശതമാനമാണ് ഇത്. ദേശീയ രോഗമുക്തി നിരക്ക് 94.6 ശതമാനമാണ്.
മഹാരാഷ്ട്രയില്‍ 15,140 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 7,304 എണ്ണം കുറവാണ് ഇത്. സംസ്ഥാനത്ത് 39 പേര്‍ മരിച്ചു. സംസ്ഥാനത്തെ സജീവ രോഗികള്‍ 2,07,350.
ന്യൂഡല്‍ഹിയില്‍ 2,779 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് ഇത്. ജനുവരി 13നു ശേഷം കൊവിഡ് വ്യാപനം കുറയുന്നതായാണ് റിപോര്‍ട്ട്. ജനുവരി 13ന് 28,867 പേര്‍ക്കായിരുന്നു രോഗബാധ.
കര്‍ണാടകയില്‍ 24,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ മാത്രം 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കേരളത്തില്‍ 50,000 പേര്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 42,152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 60,25,669.