നന്ദകുമാറിനെ സംരക്ഷിക്കുന്നത് സിപിഎം; ശൈലജ ടീച്ചറും വാസവനും നേരത്തെ പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ദീപ പി മോഹന്‍

പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായത് സിപിഎം ഫാഷിസം മൂലമാണ്. മന്ത്രി ആര്‍ ബിന്ദു ഇതിന് കൂട്ടുനില്‍ക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

Update: 2021-11-07 08:09 GMT

കോട്ടയം: നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് എംജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ദലിത് ഗവേഷക ദീപ പി മോഹന്‍. മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചറും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വിഎന്‍ വാസവനും പരാതി പിന്‍വലിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. ദീപ എന്താ എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലുമൊന്നും ഇല്ലാത്തതെന്ന് ചോദിച്ചു. ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പറഞ്ഞു.

സിപിഎം നന്ദകുമാറിനെ സംരക്ഷിക്കുകയാണ്. എസ്എഫ്‌ഐക്കാര്‍ തന്നെ പറഞ്ഞല്ലോ, ചേച്ചീ ഒന്നും വിചാരിക്കരുത് പോളിറ്റ് ബ്യൂറോയില്‍ നിന്ന് വരെ വിളി വരുന്നുണ്ടെന്ന്. അനീതി നടന്നെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടണം, കോംപ്രമൈസ് ചെയ്യാന്‍ പറയുന്നത് ഒട്ടും ശരിയല്ലെന്നും അവര്‍ പറഞ്ഞു.

പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായത് സിപിഎം ഫാഷിസം മൂലമാണ്. മന്ത്രി ആര്‍ ബിന്ദു ഇതിന് കൂട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഗവേഷക വ്യക്തമാക്കി.

എംജി സര്‍വകലാശാല അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്നാണ് ഗവേഷകയുടെ സമരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പ്രതികരിച്ചത്. ഗവേഷക നിര്‍ബന്ധബുദ്ധി കാണിക്കരുത്. വിട്ടുവീഴ്ചക്ക് തയ്യാറാകണം. സര്‍വകലാശാലകള്‍ കുടുംബാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. തനിക്ക് ഈ വിഷയത്തെ കുറിച്ച് കൃത്യമായ വിവരമില്ല. എന്ത് പ്രശ്‌നമാണെങ്കിലും പരിഹരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News