അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

Update: 2024-06-07 09:19 GMT
ബെംഗളൂരു: അപകീര്‍ത്തിക്കേസില്‍ ബെംഗളുരുവിലെ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. 40% കമ്മീഷന്‍ സര്‍ക്കാരെന്ന് കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് ഒരു ബിജെപി നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ച ബെംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി കേസ് ജൂലൈ 30-ലേക്ക് മാറ്റി.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്.

കോടതിയില്‍ നിന്ന് ക്വീന്‍സ് റോഡിലെ ഭാരത് ജോഡോ ഭവനിലേക്കാണ് രാഹുല്‍ ഗാന്ധി പോയത്. ജയിച്ച എംപിമാരുമായും തോറ്റ സ്ഥാനാര്‍ഥികളുമായും രാഹുല്‍ ഗാന്ധി അവിടെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും ചര്‍ച്ച നടത്തിയ രാഹുല്‍ ലോക്‌സഭയിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി. വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ കര്‍ണാടകയിലെ ഗോത്രക്ഷേമവകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജി വച്ച സാഹചര്യത്തില്‍ ഇതേക്കുറിച്ചും ചര്‍ച്ച നടന്നു.


Tags:    

Similar News