അപകീര്‍ത്തികരമായ ട്വീറ്റ്: ഡല്‍ഹി ഗുരദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് കങ്കണയ്ക്ക് വക്കീല്‍ നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മന്‍ജിത് സിങ് ജി കെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ബോളിവുഡ് നടി കങ്കണ റണാവത്തിന് വക്കീല്‍ നോട്ടിസ് അയച്ചു. അഭിഭാഷകനായ നഗിന്ദര്‍ ബനിപാല്‍ വഴിയാണ് നോട്ടിസ് അയച്ചത.് കര്‍ഷകരെയും സിഖ് മതവിഭാഗത്തിനെയും അപമാനിക്കുകയും താറടിച്ചുകാണിക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ട്വിറ്റര്‍ ഇന്ത്യ എംഡി മനിഷ് മഹേശ്വരിക്കും ഇതുസംബന്ധിച്ച പരാതി അയച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ്പ് ഗായിക റിഹാനയ്‌ക്കെതിരേ അധിക്ഷേപവുമായി കങ്കണ റണാവത്ത് രംഗത്തുവന്നിരുന്നു. കര്‍ഷകപ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ട് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു.
'ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല'' കങ്കണയുടെ മറുപടി ഇതായിരുന്നു.
കങ്കണയുടെയും ആരാധകരുടെയും പരാമര്‍ശങ്ങള്‍ കര്‍ഷകരെയും സിഖ് സമുദായത്തെയും മോശമായും തീവ്രവാദികളായുംചിത്രീകരിക്കുന്നതാണെന്നും നോട്ടിസില്‍ പറയുന്നു. കങ്കണ കര്‍ഷക സമൂഹത്തിന്റെയും സിഖ് സമൂഹത്തിന്റെയും ആത്മര്‍ത്ഥതയെയും കങ്കണ ചോദ്യം ചെയ്യുന്നതായി നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.