കൊവിഡ് 19: ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചു; പ്രവേശനം അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ക്കു മാത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ഡല്‍ഹി സംസ്ഥാന അതിര്‍ത്തി ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അതിര്‍ത്തി വഴി അവശ്യ സേവനങ്ങളുടെയും അവശ്യവസ്തുക്കളുടെയും നീക്കം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസുള്ളവരെ മാത്രമേ തലസ്ഥാന നഗരിയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
''അടുത്ത ഒരാഴ്ചത്തേക്ക് ഡല്‍ഹി സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചു. അവശ്യ സേവനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാരുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചായിരിക്കും അടുത്ത ആഴ്ച അതിര്‍ത്തികള്‍ തുറക്കണമോ എന്ന് തീരുമാനിക്കുക''- മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ 1 മുതല്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍ വന്ന് ഗുഡ്ഗാവ്-ഡല്‍ഹി അതിര്‍ത്തി തുറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും അടച്ചത്.
വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍ സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നും അത്തരം യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അവകാശവും കേന്ദ്രം നല്‍കിയിരുന്നു.
അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ പൗരന്മാരുടെ അഭിപ്രായമാരായാന്‍ കെജ്രിവാള്‍ ഒരു വാട്ആപ് നമ്പറും ഇമെയില്‍ ഐഡിയും നല്‍കിയിരുന്നു.
delhicm.suggestions@gmail.com, WhatsApp number 8800007722