ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നിഷേധിച്ചതിനെതിരേ ഡല്‍ഹി കോടതി; എയിംസില്‍ തന്നെ ചികിത്സിക്കണമെന്നും നിര്‍ദേശം
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നിഷേധിച്ച തിഹാര്‍ ജയിലധികൃതരെ ശാസിച്ച് ഡല്‍ഹി കോടതി. ഡല്‍ഹി എയിംസില്‍ തന്നെ ആസാദിന് ചികിത്സ നല്‍കണമെന്നും കോടതി വിധിച്ചു. തിസ് ഹസരി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അരുള്‍ വര്‍മയാണ് ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ തിഹാര്‍ ജയില്‍ അധികൃതരെ വിമര്‍ശിച്ചത്. ആസാദിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടും ചികിത്സിക്കാതിരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഡിസംബര്‍ 21 നാണ് ആസാദിനെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്തത്. ചികിത്സ ആവശ്യപ്പെട്ട് ആസാദ് കോടതിയെ സമീപിച്ചിരുന്നു.
ആസാദിന് രക്തം കട്ടിപിടിക്കുന്ന രോഗമുണ്ട്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ചികിത്സ ആവശ്യമാണ്. പെട്ടെന്ന് ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹം കൊല്ലപ്പെടാനിടയുണ്ടെന്നും ആസാദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അഡ്വ. മെഹ്മൂദ് പ്രാചയാണ് ആസാദിനുവേണ്ടി ഹാജരായത്.
ആസാദിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കോടതിയ്ക്ക് അറിയില്ല. അവര്‍ കണ്ണിന്റെ അസുഖത്തിനാണ് ചികിത്സിക്കുന്നത്. ഇപ്പോഴദ്ദേഹത്തിന് ശരീരം മുഴുവന്‍ ചൊറിച്ചിലാണ്. മാത്രമല്ല, ആസാദ് ഒരു കുറ്റവാളിയല്ല, ഒരു രാഷ്ട്രീയ തടവുകാരനാണ്. എഐഐഎംഎസില്‍ തന്നെ ചികിത്സ നല്‍കണമെന്നും പ്രാച വാദിച്ചു.
തങ്ങള്‍ ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അത് തള്ളി.