ഡല്‍ഹിയിലെ പെയിന്റ് ഫാക്റ്ററിയില്‍ തീപിടിത്തം; 11 പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ദയാല്‍പുറിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായെന്ന സന്ദേശം ലഭിച്ചതെന്ന് അഗ്‌നിശമനാസേന അറിയിച്ചു.
#WATCH | Delhi: A fire broke out at the main market of Alipur. Fire tenders at the spot, efforts to douse the fire underway. pic.twitter.com/M5dvY3Q6er
— ANI (@ANI) February 15, 2024
22 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാക്റ്ററിയുടെ താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ നാല് മണിക്കൂറിന് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. 150 അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചതായി ഡിഎഫ്എസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഫയര്‍ സേഫ്റ്റിക്കുള്ള എന്‍ഒസി ഫാക്റ്ററിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫാക്റ്ററിയില്‍ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായും തീനാളങ്ങള്‍ ഉയരുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പോലിസിനോട് പറഞ്ഞു. സംഭവത്തില്‍ ഫാക്റ്ററി ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു.