ഡല്‍ഹി ആരോഗ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

Update: 2020-06-16 10:52 GMT

ന്യൂഡല്‍ഹി: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌ന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്‌നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ട്വീറ്റിന് മറുപടിയായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനിടയില്‍ കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടപടി ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനഫലം പുറത്തുവന്നപ്പോള്‍ നെഗറ്റീവായിരുന്നു.

നിലവില്‍, 42,000 കൊവിഡ് 19 കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഡല്‍ഹി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ആം ആദ്മി സര്‍ക്കാരിനെതിരേ സുപ്രിംകോടതി പ്രതികരിച്ചിരുന്നു. 'ഡല്‍ഹിയിലെ സ്ഥിതി ഭയാനകവും ഭയാനകവും ദയനീയവുമാണ്. ആശുപത്രികളില്‍ കൃത്യമായ പരിചരണം നല്‍കാത്ത അവസ്ഥ വളരെ ഖേദകരമാണ്. രോഗികളുടെ കുടുംബങ്ങളെ മരണത്തെക്കുറിച്ച് പോലും അറിയിച്ചിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ കുടുംബങ്ങള്‍ക്ക് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല'. സുപ്രിംകോടതി ചൂണ്ടിക്കാട്ടിരുന്നു.


Tags:    

Similar News