കൊവിഡ്: ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ളള ഓക്‌സിജന്‍ മാത്രം; പ്രതിസന്ധി രൂക്ഷമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഇനിയും പരിഹരിക്കാനായിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. ഡല്‍ഹിയിലെ പല ആശുപത്രികളിലും 6 മുതല്‍ 12 മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഐസിയു കിടക്കകളുടെ കാര്യത്തിലും പ്രശ്‌നമുണ്ട്.
ഓക്‌സിന്റെ അപര്യാപ്തത പലയിടത്തും പല പോലെയാണ്. പല ആശുപത്രികളിലും ആറ് മുതല്‍ എട്ട്, പത്ത് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജനേയുള്ളൂ. പ്രതിസന്ധിഘട്ടത്തിലല്ലെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ രാത്രി വലിയ പ്രശ്‌നമുണ്ടായി. കഴിഞ്ഞ ദിവസം നല്‍കിയതില്‍ നിന്ന് ഏകദേശം നൂറ് മെട്രിക് ടണ്‍ അധികം ഓക്‌സിജന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടുണ്ട്. നേരത്തെ 378 മെട്രിക് ടണ്ണായിരുന്നു. ഇപ്പോള്‍ 480 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. അതേസമയം നേരത്തെ അനുവദിച്ച 378 മെട്രിക് ടണ്‍ ഇതുവരെ എത്തിയിട്ടില്ല. പ്രതിസന്ധിയുടെ കാരണം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.
7,000 കിടക്കകളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. അതില്‍ 2,000 ഇതുവരെ ലഭിച്ചു.
ഐസിയു ബെഡിലും ക്ഷാമമുണ്ട്. 700-80 ഐസിയു ബെഡ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡല്‍ഹിയില്‍ 1.39 ശതമാനം മരണനിരക്കാണ് ഉള്ളത്. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 31.28 ശതമാനമായിട്ടുണ്ട്.