ലോക്ക് ഡൗണ്‍ ഒരു പരിഹാരമല്ല; കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുക: ഡല്‍ഹി ആരോഗ്യമന്ത്രി

ഇനി ലോക്ക് ഡൗണിനുള്ള സാധ്യതയില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വൈറസ് എങ്ങനെ പടരുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 21 ദിവസത്തേക്ക് നിങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളും അടച്ചിട്ടാല്‍ വൈറസ് അവസാനിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു. അതിനാല്‍, ലോക്ക് ഡൗണ്‍ തുടര്‍ന്നു. എന്നാല്‍, ഇതൊക്കെയായിട്ടും വൈറസ് പോയില്ല.

Update: 2021-03-27 12:28 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ ഒരു പരിഹാരമല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് ഇനിയും തുടരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതിനൊപ്പം ജീവിക്കാനാണ് നാം ഇനി പഠിക്കേണ്ടതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനസമയത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും ഇത്തരത്തിലുള്ള അഭിപ്രായപ്രകടനമാണ് നടത്തിയത്.

ഇനി ലോക്ക് ഡൗണിനുള്ള സാധ്യതയില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വൈറസ് എങ്ങനെ പടരുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 21 ദിവസത്തേക്ക് നിങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളും അടച്ചിട്ടാല്‍ വൈറസ് അവസാനിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു. അതിനാല്‍, ലോക്ക് ഡൗണ്‍ തുടര്‍ന്നു. എന്നാല്‍, ഇതൊക്കെയായിട്ടും വൈറസ് പോയില്ല. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ ഒരു പരിഹാരമല്ലെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. കൊവിഡ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണ്. ഇത് ഉടന്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് വിദഗ്ധര്‍ തുടക്കം മുതല്‍ പറയുന്നത്. അതിനൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികളാണ് വേഗത്തിലാക്കേണ്ടത്.

താമസിയാതെ തന്നെ എല്ലാവരും വാക്‌സിനേഷനെടുക്കണം. ഭാവിയില്‍ വൈറസ് സജീവമായി തുടരുമെന്ന് വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. രണ്ടോ മൂന്നോ മാസത്തേക്ക് ആളുകള്‍ മാസ്‌ക് ധരിച്ചിരുന്നു. പിന്നെ അവര്‍ നിര്‍ത്തി. ഇത് തെറ്റാണ്. വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയില്ല. മാസ്‌ക് ധരിക്കുന്നത് വ്യാപിപ്പിച്ചാല്‍ കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ കഴിയും. ഡല്‍ഹി നഗരത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് സമയം നീട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി 1,500 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

Tags:    

Similar News