ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പനി കുറഞ്ഞതായും തീവ്രപരിചരണവിഭാഗത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം തുടരുമെന്നും സത്യേന്ദര്‍ ജെയിന്റെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസ തടസ്സനും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സത്യേന്ദ്രര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നു. പിന്നീട് പനി കുറയാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വീണ്ടും പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയാ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ ഡല്‍ഹി മാക്‌സ് ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്.
നിലവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ആരോഗ്യ മന്ത്രിയുടെ അധിക ചുമതല വഹിക്കുന്നത്.
ഇന്നലെ മാത്രം ഡല്‍ഹിയില്‍ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം അന്‍പത്തിമൂവായിരം കടന്നു. ഇതുവരെ 2,035 മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.