ഇ ഡി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ശ്രമം; സത്യേന്ദ്ര ജയിന്‍ ഹൈക്കോടതിയെ സമീപിച്ചു

Update: 2022-09-23 17:08 GMT

ന്യൂഡല്‍ഹി: തന്റെ കേസ് മറ്റൊരു കോടതിയിലേക്ക് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാബിനറ്റ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

റൂസ് അവന്യൂ കോടതിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്ന ഇ ഡിയുടെ ഹരജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചത്.

ജെയിനിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയാണ് ഹാജരായത്. ജസ്റ്റിസ് സതീഷ് ചന്ദര്‍ ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് തിങ്ങളാഴ്ച പരിഗണിക്കും.

സത്യേന്ദര്‍ ജെയിന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റൂസ് അവന്യൂ കോടതി വെള്ളിയാഴ്ച രാവിലെ 10:45 ഓടെ മറ്റൊരു കോടതിയിലേക്ക് മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നീക്കം.

സത്യേന്ദര്‍ ജെയിനെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വിനയ് കുമാര്‍ ഗുപ്ത അനുമതി നല്‍കുകയായിരുന്നു. ഉത്തരവ് പ്രകാരം കേസ് പ്രത്യേക ജഡ്ജി വികാസ് ദുല്ലിക്കാണ് കൈമാറേണ്ടിയിരുന്നത്. നേരത്തെ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ഈ ഹരജിയില്‍ ദീര്‍ഘനേരം വാദം കേട്ടിരുന്നു.

വ്യാഴാഴ്ച ഇഡിയുടെ വാദത്തിനിടെ, തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മെഡിക്കല്‍ ജാമ്യം തേടാന്‍ ശ്രമം നടന്നതായി എഎസ്ജി എസ് വി രാജു കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കോടതി നടപടിയെടുത്തില്ല. മന്ത്രി എന്ന നിലയില്‍ ഡല്‍ഹി ജയിലുകള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് അധികാരവും പണവും സ്വാധീനവും ഉപയോഗിക്കാനാവുമെന്നും ഇ ഡി വാദിച്ചു.

'ജയില്‍ മന്ത്രി കൂടിയായിരുന്നു സത്യേന്ദര്‍ ജെയിന്‍. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ കൂടുതല്‍ സമയവും ആശുപത്രിയിലാണ് ചെലവഴിച്ചത്. മെഡിക്കല്‍ റിപോര്‍ട്ട് വ്യാജമാണ്. ഞങ്ങള്‍ എല്ലാ രേഖകളും കോടതിയില്‍ നല്‍കി, പക്ഷേ ഒന്നും സംഭവിച്ചില്ല' -എഎസ്ജി രാജു കൂട്ടിച്ചേര്‍ത്തു.

സത്യേന്ദര്‍ ജെയിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ജയില്‍ മാനുവല്‍ പ്രകാരമാണ് അദ്ദേഹത്തെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയതെന്നും നിയമലംഘനം നടന്നിട്ടില്ലെന്നും വാദിച്ചു. കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി ഹരജി തെറ്റായ വാദമാണ് ഉന്നയിക്കുന്നതെന്നാണ് സിബലിന്റെ വാദം.

Tags:    

Similar News