ദേവാംഗന കലിതക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു
'സമാധാനപരമായ പ്രക്ഷോഭമാണ് അവര്‍ നടത്തിയത്. അത് മൗലികാവകാശമാണ്'- കോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പിഞ്ജ ടോഡ് അംഗവും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ ദേവാംഗന കലിതയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ വ്യക്തിഗത ജാമ്യമാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റിന്റെ സിംഗിള്‍ ബെഞ്ച് കലിതക്ക് അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അവര്‍ക്കുവേണ്ടി ഹാജരായി.
ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ജാഫറാബാദില്‍ നിന്നുള്ള പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാരെ ഡല്‍ഹി കലാപത്തില്‍ പങ്കുചേരാന്‍ ദേവാംഗന കലിത പ്രേരിപ്പിച്ചുവെന്നായിരുന്നു ആരോപിച്ചിരുന്നത്. എന്നാല്‍ മുദ്രവെച്ച കവറില്‍ ലഭിച്ച കേസ് ഡയറി പരിശോധിച്ചതായും ആരെയും കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിവില്ലെന്നും ജഡ്ജി പറഞ്ഞു. 'സമാധാനപരമായ പ്രക്ഷോഭമാണ് അവര്‍ നടത്തിയത്. അത് മൗലികാവകാശമാണ്'- കോടതി നിരീക്ഷിച്ചു.
ദേവാംഗന കലിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് തള്ളിയിരുന്നു. പ്രതിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നായിരുന്നു ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് സെഷന്‍സ് ജഡ്ജി പറഞ്ഞത്. എന്നാല്‍ ഇതിനെതിരില്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ദേവാംഗന കലിതക്ക് ജാമ്യം ലഭിച്ചത്.
കലാപത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ കലിത നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ഹൈക്കോടതി പോലിസീനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകളൊന്നും തങ്ങളുടെ പക്കലില്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ മറുപടി.