ഡല്‍ഹി കലാപക്കേസ്: ദേവാങ്കണ കലിതയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഞ്ച്ര തോഡ് പ്രവര്‍ത്തക ദേവാങ്കണ കലിതയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ സുപ്രിംകോടതി തള്ളി. ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സ്വാധീനമുള്ള വ്യക്തിയെന്നത് ജാമ്യം നിഷേധിക്കാനുള്ള അടിസ്ഥാനമല്ലെന്നും കേസില്‍ പോലിസ് സാക്ഷികള്‍ മാത്രമേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവാങ്കണ കലിത ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വി ആര്‍ രാജുവിന്റെ വാദം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത കലാപവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് സാമൂഹിക പ്രവര്‍ത്തകയായ ദേവാങ്കണ കലിതയെ ഡല്‍ഹി പോലിസ് പ്രതിചേര്‍ത്തത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വി ആര്‍ രാജുവിന്റെ വാദത്തെ ജസ്റ്റിസുമാരായ ആര്‍ എസ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് എതിര്‍ത്തു.
കലിതയ്ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നേരത്തേ, സപ്തംബര്‍ ഒന്നിന് കലിതയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ അക്രമത്തിനു പ്രേരിപ്പിച്ചതായോ വിദ്വേഷ പ്രസംഗം നടത്തിയതായോ തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും സമാധാനപരമായ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് അവരുടെ മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സിഎഎ നിയമത്തിനെതിരേ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ദേവാങ്കണയ്‌ക്കെതിരേ ഡല്‍ഹി പോലിസ് ഡല്‍ഹി കലാപക്കേസ് ചുമത്തിയതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. ഒരു സാക്ഷിയേയും നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മെയ് മാസത്തിലാണ് ഡല്‍ഹി പോലിസിന്റെ ക്രൈംബ്രാഞ്ച് സംഘം ദേവാങ്കണ കലിതയെയും നതാഷ നര്‍വാളിനെയും അറസ്റ്റ് ചെയ്തത്. കലാപം, നിയമവിരുദ്ധമായ ഒത്തുകൂടല്‍, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മാത്രമല്ല, കലാപത്തിനു ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മറ്റൊരു കേസ് ചാര്‍ത്തി യുഎപിഎ ചുമത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഎഎയ്ക്കെതിരായ പ്രതിഷേധത്തിനിടെ ഓള്‍ഡ് ഡല്‍ഹിയിലെ ദര്യാഗഞ്ച് പ്രദേശത്ത് നടന്ന കലാപങ്ങളും അക്രമങ്ങളുമായി ബന്ധപ്പെടുത്തി കലിതയ്ക്കെതിരേ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് 2015ലാണ് പിഞ്ച്ര ടോഡ്(ബ്രേക്ക് ദ കേജ്) എന്ന കൂട്ടായ്മ രൂപീകരിച്ചത്.
Top Court Dismisses Plea Challenging Bail To Activist In Delhi Riots Case