ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വെറുതെ വിട്ടു. ചാന്ദ് ബാഗിലെ കല്ലേറ് കേസിലാണ് ഡല്‍ഹി കര്‍ക്കഡൂമ കോടതി വെറുതെ വിട്ടത്. മറ്റൊരു വിദ്യാര്‍ഥി ഖാലിദ് സൈഫിയെയും അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല വെറുതെ വിട്ടിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ കലാപത്തിലെ വിശാല ഗൂഢാലോചന കേസ് നിലവിലുണ്ട്. എന്നാല്‍, യുഎപിഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഇരുവര്‍ക്കുമെതിരായ കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. 2020 ഫെബ്രുവരി 25 ന് ഡല്‍ഹിയിലെ ഖജൂരി ഖാസ് പോലിസാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഉമര്‍ ഖാലിദിനും ഖാലിദ് സൈഫിക്കും പുറമെ താരിഖ് മൊയിന്‍ റിസ്‌വി, ജാഗര്‍ ഖാന്‍, മൊഹമ്മദ് ഇല്യാസ് എന്നിവരെയും കോടതി വെറുതെവിട്ടിട്ടുണ്ട്. 10,000/ രൂപയ്ക്ക് തുല്യമായ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. 2020 ഫെബ്രുവരി 24 ന് ചാന്ദ് ബാഗ് പുലിയയ്ക്ക് സമീപം വന്‍ ജനക്കൂട്ടം തടിച്ചുകൂടി കല്ലെറിയാന്‍ തുടങ്ങിയെന്ന് ഒരു കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രക്ഷപ്പെടുത്താന്‍ പോലിസ് ഉദ്യോഗസ്ഥന്‍ സമീപത്തെ പാര്‍ക്കിങ് സ്ഥലത്തേക്ക് പോയപ്പോള്‍ ജനക്കൂട്ടം പാര്‍ക്കിങ് ലോട്ടിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്ത് ഉണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തുവെന്നാണ് ആരോപണം. തുടര്‍ന്ന് കേസ് 2020 ഫെബ്രുവരി 28ന് ക്രൈംബ്രാഞ്ചിന് കൈമാറി. 2020ല്‍ അരങ്ങേറിയ ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ ഉമറിന് പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22ന് ഉമറിനെതിരേ യുഎപിഎ ചുമത്തി കേസെടുത്തു.
ഒന്നിലധികം ചോദ്യം ചെയ്യലുകള്‍ക്കുശേഷം 2020 സപ്തംബര്‍ 13ന് ഔദ്യോഗികമായി ഉമറിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കലാപ ഗൂഢാലോചന കേസില്‍ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍, ഖാലിദിനെതിരേ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. 930 പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.