ഹോളി ദിവസം 16 പളളികളിലെ നമസ്‌കാരം ഡല്‍ഹി പോലിസ് തടഞ്ഞു; കാരണം അവ്യക്തം

Update: 2022-03-27 17:44 GMT

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഹോളി ദിവസം 16 പളളികളിലെ വെളിയാഴ്ച നമസ്‌കാരം  പോലിസ് തടഞ്ഞു. ടു സര്‍ക്കിള്‍സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നമസ്‌കാരം തടഞ്ഞതില്‍ 500 വര്‍ഷം പഴക്കമുള്ള ഒരു പള്ളിയും ഉള്‍പ്പെടുന്നു. മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ പള്ളികളിലും പോലിസ് നേരിട്ടെത്തി നമസ്‌കാരം മുടക്കിയിട്ടുണ്ട്.

മാര്‍ച്ച് 18 വെള്ളിയാഴ്ചയായിരുന്നു ഹോളി. അന്നുതന്നെയായിരുന്നു മുസ് ലിംകളുടെ വിശേഷദിനമായ ബറാഅത്തും. 

പഞ്ച്ഷീല്‍ എന്‍ക്ലേവിലെ ലാല്‍ ഗുംബാദ് മസ്ജിദാണ് നമസ്‌കാരം മുടങ്ങിയ ഒരു പളളി. ഇമാമായ നെയാസ് അഹ്മദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെ ഒരു സംഘം പോലിസുകാര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തരുതെന്ന് പറയുകയായിരുന്നുവത്രെ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) കീഴിലുള്ള 500 വര്‍ഷം പഴക്കമുള്ള ഒരു സംരക്ഷിത സ്മാരകമാണ് ലാല്‍ ഗുംബാദ് മസ്ജിദ്.

പളളിയിലെത്തിയ വിശ്വാസികള്‍ കാരണമാരാഞ്ഞെങ്കിലും പോലിസ് പറയാന്‍ തയ്യാറായില്ല. ഇതുപോലെയൊരു സംഭവം ഇതിനുമുമ്പുണ്ടായിട്ടില്ലെന്ന് ഇമാം പറഞ്ഞു. ഹോളിയുടെ ഭാഗമാകും നിയന്ത്രണമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഈ പ്രദേശം പൊതുവെ ശാന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പള്ളിയില്‍ നമസ്‌കരിക്കാറുള്ള സീനത്തുല്‍ ഖുറാന്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളെയും പോലിസ് തടഞ്ഞു.

രേഖാമൂലമുള്ള ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും അങ്ങനെയൊരു ഉത്തരവില്ലെന്നും വാക്കാല്‍ അറിയിക്കാനായിരുന്നു തങ്ങളോട് പറഞ്ഞതെന്നും പോലിസ് പറഞ്ഞതായി പഞ്ച്ഷീല്‍ പ്രദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ പറഞ്ഞു. വെള്ളിയാഴ്ച നമസ്‌കാരം തടസ്സപ്പെട്ട പള്ളികളിലും മറ്റ് നമസ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. 

ഹൗസ് ഖാസ് പ്രദേശത്തെ മറ്റൊരു പള്ളിയായ നീലി മസ്ജിദിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന പോലിസ് തടസ്സപ്പെടുത്തി. നീലി മസ്ജിദും ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലാണ്. 

ജുമുഅ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടി ഇതാദ്യമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷനും മില്ലി ഗസറ്റ് എഡിറ്ററുമായ സഫര്‍ ഉള്‍ ഇസ്ലാം പറഞ്ഞു. ഇത്തരം തീരുമാനങ്ങളെക്കുറിച്ച് മുസ് ലിംകളോട് ചോദിക്കാന്‍ പോലും സര്‍ക്കാര്‍ മെനക്കെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പെട്ടെന്നുള്ള ഈ പ്രാര്‍ത്ഥന നിരോധനത്തിന് കാരണം ഹോളി ആയിരിക്കാമെന്ന് കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രാര്‍ത്ഥനയുടെ സമയം മാറ്റിവച്ച് വിഷയം സൗഹാര്‍ദ്ദപരമായി പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ലഖ്‌നൗവിലെ പല പള്ളികളും പ്രാര്‍ത്ഥനയുടെ സമയം മാറ്റിയിട്ടുണ്ട്. ഇവിടെയും അതുതന്നെ ഉണ്ടാകുമായിരുന്നു. അന്തരീക്ഷം അങ്ങനെയാണ്...' 

ബറാത്ത് ദിനത്തില്‍ യുവാക്കള്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് പ്രാര്‍ത്ഥനകള്‍ തടഞ്ഞതെന്ന് ഡല്‍ഹി പോലിസ് പറയുന്നത് കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടിക്ക് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍ക്കിയോളജി വിഭാഗം അറിയിച്ചു. 

Tags:    

Similar News