വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം; വ്യവസായി ശേഖര്‍ മിശ്ര ഒളിവില്‍

Update: 2023-01-05 11:44 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ചത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് റിപോര്‍ട്ടുകള്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തത്.

പ്രതിയെ കണ്ടെത്താന്‍ ഡല്‍ഹി പോലിസ് മുംബൈ പോലീസിന്റെ സഹായം തേടിയിരുന്നു. ഇതനുസരിച്ച് മുംബൈ പോലിസ് ഇയാളുടെ വസതിയിലെത്തിയെങ്കിലും മിശ്ര വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലിസ് അറിയിച്ചു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി.

നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഡിസംബര്‍ 28നു മാത്രമാണ് സംഭവത്തില്‍ എയര്‍ ഇന്ത്യ പരാതി നല്‍കിയതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരെയും പോലിസ് ചോദ്യം ചെയ്യും. എയര്‍ ഇന്ത്യ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.

ബിസിനസ് ക്ലാസ് യാത്രക്കാരനായ ശേഖര്‍ മിശ്ര തന്റെ മുന്നിലിരുന്ന 70 വയസ്സുള്ള ഒരു സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതി നല്‍കിയെങ്കിലും ഡല്‍ഹിയില്‍ വന്നിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരേ നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ട്.

Tags:    

Similar News