അന്തരീക്ഷ മലിനീകരണം;ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു

Update: 2021-12-02 09:34 GMT

ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.

മലിനീകരണ നില മെച്ചപ്പെട്ടപ്പോഴാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായി. മലിനീകരണത്തിന്റെ തോത് വീണ്ടും വര്‍ധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.വായു മലിനീകരണം കാരണം നവംബര്‍ 13 മുതല്‍ സ്‌കൂളുകള്‍ രണ്ടാഴ്ചയിലേറെ അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചു.മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീടുകളില്‍ ഇരിക്കുകയാണ്. അപ്പോള്‍ പിന്നെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മലിനീകരണം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വരെ ആലോചിക്കുന്നെന്നാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞ്. എന്നാല്‍ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുന്നു,വായുമലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുമ്പോഴും മൂന്നര വയസുകാരും നാലര വയസ്സുകാരുമെല്ലാം സ്‌കൂളില്‍ പോവുകയാണ്. അവരുടെ ആരോഗ്യം ആരാണ് സംരക്ഷിക്കുകയെന്നും കോടതി ചോദിച്ചു.മലിനീകരണം ഉയര്‍ന്ന് നില്‍ക്കുമ്പോഴും സ്‌കൂളുകള്‍ തുറക്കാനുള്ള തിരക്ക് കൂട്ടല്‍ എന്തിനാണെന്ന്് സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സ്വിങ്വിയോട് കോടതി ചോദിച്ചു.

വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും 24 മണിക്കൂര്‍ സമയപരിധി നല്‍കുകയും ചെയ്തു. നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.


Tags:    

Similar News