ഡെങ്കിപ്പനി: അതീവ ജാഗ്രത പുലര്‍ത്തണം, പൊതുജനപങ്കാളിത്തം അനിവാര്യം
ജില്ലയില്‍ പലയിടങ്ങളിലും വേനല്‍ മഴയുള്ളതിനാല്‍ കൊതുക് വളരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.
മലപ്പുറം: കൊവിഡ് 19നെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനൊപ്പം പൊതുജനങ്ങള്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. ജില്ലയില്‍ പലയിടങ്ങളിലും വേനല്‍ മഴയുള്ളതിനാല്‍ കൊതുക് വളരാനുള്ള സാധ്യത ഒഴിവാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ പൊതുജനങ്ങള്‍ സ്വയം ജാഗ്രതയോടെ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കണം. ലോക്ക് ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൊവിഡിനൊപ്പം മഴക്കാലത്ത് വരുന്ന മറ്റ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ഇത് സഹായമാകും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ നിര്‍ബന്ധമായും ആചരിക്കണം. ചെറിയ പനിയോ ജലദോഷമോ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടാനും ശ്രദ്ധിക്കണം.
കൊതുകുകളെ നിര്‍മാര്‍ജ്ജനം ചെയ്യണം
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വെള്ളത്തിലാണ് മുട്ടയിടുന്നത്. അതിനാല്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാന്‍ സാധ്യതയുണ്ട്. അവ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി സൂക്ഷിക്കണം. കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കൊതുകുകള്‍ മുട്ടയിടാം. അതിനാല്‍ തോട്ടങ്ങളില്‍ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കണം. വീടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഫ്രിഡ്ജിനടിയിലെ ട്രേ ദിവസേന വൃത്തിയാക്കണം. ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ച് സൂക്ഷിക്കുക. പൊതുസ്ഥലങ്ങളായ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൊതുക് വളരാനുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌ക്കരിച്ച് കുത്താടികളെ നശിപ്പിക്കണം. പൊതുസ്ഥലങ്ങളിലെ ഉറവിടങ്ങള്‍ നീക്കം ചെയ്യുന്നതിന് വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ ഊര്‍ജ്ജിത ശ്രമം നടത്തണം.
അടഞ്ഞ് കിടക്കുന്ന വീടുകളും പരിസരവും വൃത്തിയാക്കണം
ലോക്ക് ഡൗണ്‍ മൂലം ദീര്‍ഘനാളായി അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകുകള്‍ ധാരളമായി മുട്ടയിട്ട് വളരാനുള്ള സാധ്യത കൂടുതലാണ്. വളരെ നാളുകള്‍ക്കു ശേഷം അവ തുറക്കുമ്പോള്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌ക്കരിക്കുകയും കൊതുക് നിര്‍മാര്‍ജനം ഉറപ്പ് വരുത്തുകയും വേണം. അടഞ്ഞ് കിടക്കുന്ന വീടുകള്‍ ബന്ധുക്കളുടെ സഹായത്തോടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആരോഗ്യജാഗ്രത സമിതിയുടെ സഹായത്തോടെയോ വൃത്തിയാക്കി കൊതുകിനെ നിര്‍മാര്‍ജനം ചെയ്യാം. കോവിഡ് 19 ആരോഗ്യ ജാഗ്രത സമിതിക്ക് അടഞ്ഞു കിടക്കുന്ന വീടുകളുടെ പരിസരങ്ങള്‍ നിരീക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടഞ്ഞ് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ചന്തകള്‍, ആക്രിക്കടകള്‍, ഫാക്ടറികള്‍, മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഊര്‍ജ്ജിത ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും നടത്തി ഡെങ്കി വിപത്തിനെ ഇല്ലാതാക്കാന്‍ ഏവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.