'പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കും'; അധികൃതര്‍ക്കു മുമ്പില്‍ ചികില്‍സയ്ക്കായി കേണ് യുവതി, ഹൃദയഭേദകം ഈ കാഴ്ച
ആഗ്ര ഡിവിഷനല്‍ കമ്മിഷണര്‍ അമിത് ഗുപ്ത ആശുപത്രിയില്‍ പരിശോധന നടത്താനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ലഖ്‌നൗ: 'പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കും'. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞു സഹോദരിയുടെ ചികിത്സയ്ക്കായി അധികൃതരുടെ ദയവായ്പിനായി കേണപേക്ഷിച്ച യുവതിയുടെ വാക്കുകളാണിത്. തിങ്കളാഴ്ച വൈകീട്ട് ഫിറോസാബാദ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹൃദയംനുറുങ്ങുന്ന ഈ കാഴ്ച അരങ്ങേറിയത്. ആശുപത്രിയില്‍ പരിശോധന നടത്താനെത്തിയ ആഗ്ര ഡിവിഷനല്‍ കമ്മിഷണര്‍ അമിത് ഗുപ്തയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് നികിത കുഷ്‌വ തന്റെ 11കാരിയായ സഹോദരി വൈഷ്ണ കുഷ്‌വയുടെ ജീവന് വേണ്ടി കേണപേക്ഷിച്ചത്.
പ്ലീസ് സര്‍, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കില്‍ അവള്‍ മരിക്കുമെന്ന് നിലവിളിച്ചുകൊണ്ടാണ് നികിത വാഹനത്തിനു മുന്നിലേക്ക് ചാടിയത്. ഫിറോസാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവവും അവര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ രണ്ടു വനിതാ പോലിസുകാരെത്തി നികിതയെ ബലമായി വാഹനത്തിന് മുന്നില്‍ നിന്ന് മാറ്റുകയായിരുന്നു.
അതേസമയം, നികിതയുടെ ഈ പ്രതിഷേധം അര്‍ത്ഥ ശൂന്യമായിരുന്നു. മണിക്കൂറുകള്‍ക്കകം സഹോദരി വൈഷ്ണവി മരണത്തിന് കീഴടങ്ങി. ആവശ്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്റെ സഹോദരി മരിച്ചതെന്ന് നികിത ആരോപിച്ചു. ചികിത്സിച്ച ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും നികിത ആവശ്യപ്പെട്ടു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വൈഷ്ണവിയുടെ നില അതീവ ഗുരുതമായിരുന്നുവെന്നാണ് ഫിറോസാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സംഗീത അനിജയുടെ വാദം. 'ഇതൊരു സങ്കീര്‍ണമായ കേസായിരുന്നു ... കരള്‍ വലുതാകുകയും അടിവയറ്റില്‍ ദ്രാവകം നിറയുകയും ചെയ്തിരുന്നു.. അവളുടെ അവസ്ഥ വഷളായതോടെ ഞങ്ങള്‍ അവളെയും വെന്റിലേറ്ററില്‍ ആക്കി. തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ അവളെ രക്ഷിക്കാനായില്ല' - ഡോ. സംഗീത അനിജ പറഞ്ഞു.
ഡെങ്കിയുടെ ഗുരുതര വകഭേദമാണ് ഫിറോസാബാദിലേതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികളാണ് മരിച്ചത്.