ഗര്‍ഭിണിക്ക് ചികിത്സാ നിഷേധം: മഞ്ചേരി മെഡിക്കല്‍ കോളെജിന് കലക്ടറുടെ നോട്ടീസ്
ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ജില്ലാ കലക്ടറുടെ പ്രാഥമിക വിലയിരുത്തല്‍.
മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ നിയമനുസൃത നടപടികള്‍ സ്വീകരിക്കും എന്നും ജില്ലാ കലക്ടര്‍ കര്‍ശന അറിയിപ്പ് നല്‍കി. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ആരോഗ്യവകുപ്പ് മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ യോഗം ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ജില്ലാ കലക്ടറുടെ പ്രാഥമിക വിലയിരുത്തല്‍. രോഗിയെ റഫര്‍ ചെയ്യുകയാണെങ്കില്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചിട്ടില്ല. സംഭവം ജില്ലയിലെ ആരോഗ്യസംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമായെന്ന് വിലയിരുത്തിയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നോട്ടീസ് അയച്ചത്.