ദേവര്‍ കോവില്‍ പാവ മന്ത്രിയോ..? ഐഎന്‍എല്‍ പ്രതിസന്ധി ആന്റി ക്ലൈമാക്‌സില്‍
പി സി അബ്ദുല്ല
കോഴിക്കോട്; ഇന്ത്യന്‍ നാഷണല്‍ ലീഗ് കേരള ഘടകത്തിലെ വിഭാഗീയതയും പ്രതിസന്ധിയും അസാധാരണ തലത്തിലേക്ക്. ചരിത്രത്തിലാദ്യമായി പാര്‍ട്ടിക്കു ലഭിച്ച അരമന്ത്രി സ്ഥാനവും നാമമാത്രമായി. ഭരണപരമായ അധികാരങ്ങളൊന്നുമില്ലാത്ത പാവമന്ത്രിയായാണ് അഹ്മദ് ദേവര്‍കോവില്‍ പിണറായി മന്ത്രി സഭയില്‍ തുടരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഐഎന്‍എല്‍ വിഭാഗീയതയെ തുടര്‍ന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രി ദേവര്‍കോവിലിന്റെ ചിറകരിഞ്ഞു എന്നാണ് ഐഎന്‍എല്ലിലെ തന്നെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ദേവര്‍കോവിലിന്റെ വകുപ്പില്‍ ഭരണപരമായ കാര്യങ്ങള്‍ ചെയ്യുന്നത് മന്ത്രി എംവി ഗോവിന്ദന്റെ ഓഫിസാണെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു. സ്‌റ്റേറ്റ് കാറും പേഴ്‌സണല്‍ സ്റ്റാഫുമെന്നതിനപ്പുറം മന്ത്രി എന്ന നിലയിലുള്ള ചുമതലകളൊന്നും ഇപ്പോള്‍ ദേവര്‍കോവിലിനില്ലെന്നും ഒരു വിഭാഗം നാഷണല്‍ ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ആരോപണങ്ങള്‍ കാസിം ഇരിക്കൂര്‍ പക്ഷം നിഷേധിക്കുന്നുണ്ട്. എന്നാല്‍, മന്ത്രി ദേവര്‍കോവില്‍ പാവമന്ത്രിയായി മാറി എന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന സൂചനകളാണ് സിപിഎം ഇടതുമുന്നണി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്നതും.
അതേസമയം, പാര്‍ട്ടിക്ക് അനുവദിച്ച നാമമാത്ര ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ നിശ്ചയിക്കാനാകാതെ ഐ.എന്‍.എല്ലില്‍ വിഭാഗീയത വീണ്ടും രൂക്ഷമായി. ഒന്നാം പിണറായി സര്‍ക്കാരില്‍ ലഭിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനടക്കം എടുത്തു മാറ്റി ഏതാനും ബോര്‍ഡ് അംഗങ്ങളെ മാത്രമാണ് ഈ സര്‍ക്കാരില്‍ നാഷണല്‍ ലീഗിന് അനുവദിച്ചത്. തൃശൂര്‍ സീതാറാം മില്‍ ചെയര്‍മാന്‍ സ്ഥാനവും കെടിഡിസിയടക്കം ആറു ബോര്‍ഡുകളിലെ അംഗത്വവുമാണ് എല്‍ഡിഎഫ് ഐഎന്‍എല്ലിന് ഇത്തവണ അനുവദിച്ചത്. പാര്‍ട്ടി വിഭാഗീയതയെ തുടര്‍ന്ന് ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോര്‍ഡിലും ഇത്തവണ ഐഎന്‍എല്ലിന് ഇടം ലഭിച്ചിരുന്നില്ല.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ് അബ്ഥുല്‍ വഹാബ് നിര്‍ദ്ദേശിച്ചവരെ കാസിം ഇരിക്കൂര്‍ പക്ഷം അംഗീകരിക്കാത്തതാണ് പാര്‍ട്ടിയില്‍ ഭിന്നത വീണ്ടും രൂക്ഷമാക്കിയത്.
വിവിധ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളെ ഈ മാസം 31നകം തീരുമാനിച്ചില്ലെങ്കില്‍ സ്ഥാനങ്ങള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് സി.പി.എം നാഷണല്‍ ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇരുപക്ഷവും സമവായത്തിന് തയാറായിട്ടില്ല. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തിനു പുറമെ കെ.ടി.ഡി.സി മാരിടൈം ബോര്‍ഡ്, വനം വികസന കോര്‍പറേഷന്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മെമ്പര്‍ സ്ഥാനവുമാണ് ഐ.എന്‍.എല്ലിന് അനുവദിച്ചത്.
ഡിസംബര്‍ 24ന് അഖിലേന്ത്യാ പ്രസിഡന്റിന്റ സാന്നിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അബ്ദുല്‍ വഹാബ് പക്ഷം എന്‍ കെ അബ്ദുള്‍ അസീസിന്റ പേര് നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന കാസിം ഇരിക്കൂര്‍ പക്ഷം എം.എ ലത്തീഫിന്റ പേരാണ് നിര്‍ദ്ദശിച്ചിട്ടുള്ളത്.