ഡീസല്‍ക്ഷാമം: ശനിയാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങും

Update: 2022-08-05 15:40 GMT

തിരുവനന്തപുരം: ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്ന് പകുതിയോളം ഓര്‍ഡിനറി സര്‍വീസുകള്‍ ഡീസല്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് മുടങ്ങി. ശനിയാഴ്ചത്തെ 75 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കും. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചയ്ക്കുശേഷം കഴിവതും കൃത്യമായി ഓപറേറ്റ് ചെയ്യുകയും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും ഓപറേറ്റ് ചെയ്യുകയും തിങ്കളാഴ്ച തിരക്കുണ്ടാവുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഓപറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

തിങ്കളാഴ്ച ലഭ്യമായ ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ട്രിപ്പുകള്‍ ക്രമീകരിച്ച് ഓപറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വലിയ കുടിശ്ശിക വരുത്തിയതോടെ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. 135 കോടി രൂപയാണ് ഡീസല്‍ വാങ്ങിയ ഇനത്തില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്ന കുടിശ്ശിക. അടിയന്തര സഹായമായി സര്‍ക്കാരിനോട് 20 കോടി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ശമ്പളപ്രതിസന്ധിക്ക് പുറമേ ഡീസല്‍ ക്ഷാമം കൂടി വന്നതോടെ കോര്‍പറേഷന്‍ വലിയ പ്രതിസന്ധിയിലായി. ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച യാത്രക്കാരെ വലയ്ക്കുമെന്ന് ഉറപ്പാണ്. ഗ്രാമീണ മേഖലയിലേക്ക് ഭൂരിഭാഗവും ഓര്‍ഡിനറി സര്‍വീസുകളാണ് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവും. ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 33 ഓര്‍ഡിനറി ബസ്സുകളുടെ സര്‍വീസാണ് മുടങ്ങിയത്. കൊട്ടാരക്കര ഡിപ്പോയിലെ 67 ഓര്‍ഡിനറി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 33 ബസ്സുകളും ഇന്ന് ഓടിയിട്ടില്ല. കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍, പാരിപ്പള്ളി ചെയിന്‍ സര്‍വീസുകളാണ് ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് മുടങ്ങിയത്. ബസ്സുകളില്ലാത്തത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ വലച്ചു.

Tags:    

Similar News