ഡിഐജി ഓഫിസ് മാര്‍ച്ച്‌: സിപിഐ പ്രവര്‍ത്തകന്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പിടിയില്‍

പോലിസിനെ ആക്രമിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എയെ ആക്രമിച്ചതിന് സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് പോലിസ് നടപടി.

Update: 2019-08-19 09:58 GMT

കൊച്ചി: എറണാകുളം ഡിഐജി ഓഫിസ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സിപിഐ പ്രവര്‍ത്തകനെ പോലിസ് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. പെരുമ്പാവൂര്‍ സ്വദേശിയും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ അന്‍സാര്‍ അലിയെയാണ് പോലിസ് പിടികൂടിയത്. പോലിസിനെ ആക്രമിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എയെ ആക്രമിച്ചതിന് സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് പോലിസ് നടപടി. ലാത്തിച്ചാര്‍ജില്‍ എംഎല്‍എയെ തിരിച്ചറിയുന്നതില്‍ വീഴ്ച വരുത്തിയതിന് എറണാകുളം സെന്‍ട്രല്‍ എസ്ഐയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്‌തിരുന്നു. ലാത്തിച്ചാര്‍ജ് വിവാദത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി വൈകിയതും പോലിസിനെ വെള്ളപൂശി കഴിഞ്ഞ ദിവസം ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതും സിപിഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമെത്തുന്നത്. ഇത് സിപിഐ നേതൃത്വത്തിന് ആശ്വാസമായിരുന്നു. എന്നാല്‍ കേസില്‍ ഒരു സാധാരണ പ്രവര്‍ത്തകനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്‌റ്റ് ചെയ്‌തതോടെ കാര്യങ്ങള്‍ വീണ്ടും വഷളാകുമെന്നാണ് കരുതുന്നത്. ഡിഐജി മാര്‍ച്ചിലെ അക്രമണവുമായി ബന്ധപ്പെട്ട് ഏതാണ്ട് 300 സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

Similar News