ഡിജിറ്റല്‍ ഡിവൈഡ്: രാജ്യത്തെ ഏഴ് വലിയ സംസ്ഥാനങ്ങളിലെ 40-70 ശതമാനത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളില്ല

Update: 2021-10-08 03:50 GMT

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം പല സംസ്ഥാനങ്ങളിലെയും കുട്ടികളെ പഠനത്തില്‍ നിന്നുതന്നെ പുറത്താക്കിയെന്ന് കണക്കുകള്‍. ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ ലഭ്യതയെക്കുറിച്ച കണക്കുകളാണ് ഇത്തരമൊരു സൂചന നല്‍കിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കില്‍ അസം, ബീഹര്‍, ആന്ധ്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് 40-70 ശതമാനത്തോളം സ്‌കൂള്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകണങ്ങളില്ലെന്ന് തെളിഞ്ഞത്.

സ്‌കൂള്‍ എഡ്യൂക്കേഷന്‍ സെക്ടര്‍ 2020-21 റിപോര്‍ട്ടാണ് കൊവിഡ് കാലം പല സംസ്ഥാനങ്ങളിലെയും കുട്ടികളെ പഠനത്തില്‍ നിന്ന് പുറത്താക്കിയ വിവരം പുറത്തുവരുന്നത്.   


സ്മാര്‍ട്ട് ഫോണും ടിവി സെറ്റുകളും ആവശ്യത്തിന് ഉപയോഗപ്പെടുത്തി ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകുന്നില്ല. ഏഴ് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷം. ചില സംസ്ഥാനങ്ങളുടെ ഡാറ്റ പോലും ലഭ്യമല്ല. ബംഗാള്‍, യുപി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മതിയായ ഡാറ്റയില്ലാത്തത്. രാജസ്ഥാന്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഡാറ്റ ലഭ്യമല്ല.

28 സംസ്ഥാനങ്ങളുള്ളിടത്ത് 22 സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളുടെ ഡാറ്റയും കണക്കിലെടുത്തു.

സര്‍ക്കാരുടെ ഇടപെടലിലും ഇതേ അസമാനതകളുണ്ട്. തമിഴ്‌നാട് 5.15 ലക്ഷം ലാപ്‌ടോപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. എന്നാല്‍ ബീഹാര്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 42 മൊബൈല്‍ ഫോണുകള്‍ മാത്രം.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു.

റിപോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശിലെ 70 ശതമാനം കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങളില്ല, ബീഹാര്‍ 58.09 ശതമാനം, ആന്ധ്ര പ്രദേശ് 57 ശതമാനം, അസം 44.2 ശതമാനം, ജാര്‍ഖണ്ഡ് 43.42 ശതമാനം, ഉത്തരാഖണ്ഡ് 41.17 ശതമാനം, ഗുജറാത്ത് 40 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് സ്ഥിതി മെച്ചം. അവിടെ 4 ശതമാനം പേര്‍ക്കേ ഡിജിറ്റല്‍ ഉപകരണങ്ങളുടെ കുറവുള്ളൂ. കേരളത്തിലത് 1.63 ശതമാനമാണ്, തമിഴ്‌നാട്ടില്‍ 14.51 ശതമാനം.

അസമില്‍ 31,06,255 വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളില്ല. 65,907 സ്‌കൂളുകളിലായി അസമില്‍ 70,15,898 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ആന്ധ്രപ്രദേശില്‍ 81.36 ലക്ഷം കുട്ടികളില്‍ 29.34 ലക്ഷം പേര്‍ക്കിടയില്‍ സര്‍വേ നടത്തിയപ്പോള്‍ 2,01,568 പേര്‍ക്ക് സെല്‍ ഫോണ്‍ ഇല്ലായിരുന്നു. 10.22 ലക്ഷം രക്ഷിതാക്കള്‍ക്ക് ഫോണ്‍ ഉണ്ടായിരുന്നെങ്കിലും സ്മാര്‍ട്ട് ഫോണായിരുന്നില്ല. 4.57 ലക്ഷം കുട്ടികള്‍ക്ക് ഫോണ്‍ ഉണ്ട്, പക്ഷേ, മൊബൈല്‍ ഡാറ്റയില്ല. 3.88 ലക്ഷം കുട്ടികള്‍ക്ക് ടിവിയുണ്ടായിരുന്നില്ല. ലാപ് ടോപ്പ് ഉള്ളത് 5,727 പേര്‍ക്ക് മാത്രം. സംസ്ഥാന സര്‍ക്കാര്‍ 2,850 ലാപ്‌ടോപ്പുകള്‍ നല്‍കി. 18,270 ടാബുകളും നല്‍കി.

ബീഹാറില്‍ 2.46 കോടി കുട്ടികളില്‍ 1.43 കോടി പേര്‍ക്ക് ഡിജിറ്റല്‍ ഉപകരണമില്ല. 42 കുട്ടികള്‍ക്ക് മാത്രം സര്‍ക്കാര്‍ ഫോണ്‍ നല്‍കി. 250 സ്‌കൂളുകള്‍ക്ക് ടാബ് ലെറ്റ് നല്‍കി.

ഗുജറാത്തില്‍ 12,000 സ്‌കൂളുകള്‍ സര്‍വേ നടത്തിയപ്പോള്‍ 40 ശതമാനം പേര്‍ക്ക് സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് സംവിധാനമോ ഇല്ല. 1.14 കോടി കുട്ടികളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ 11,200 ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. 40,000 എണ്ണം അധ്യാപകര്‍ക്കും നല്‍കി.

ജാര്‍ഖണ്ഡില്‍ 74.89 ലക്ഷം കുട്ടികളില്‍ 32.52 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ സംവിധാനമില്ല. ആദിവാസി മേഖല ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്.

മധ്യപ്രദേശില്‍ 98 ലക്ഷം പേരെ സര്‍വേ നടത്തി. അതില്‍ 70 ശതമാനം പേര്‍ക്ക് സ്മാര്‍ട്ട് ഫോണില്ലായിരുന്നു.

ഉത്തരാഖണ്ഡില്‍ 5.20 ലക്ഷം കുട്ടികളെ സര്‍വേ നടത്തിയപ്പോള്‍ 2.14 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളില്ലെന്ന് മനസ്സിലാക്കി. 35,500 ഇ ബുക്കുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തു. 

Tags:    

Similar News