കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ ക്രിമിനല്‍ ഗൂഢാലോചനയാകുമോ?;ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ സംശയമുന്നയിച്ച്‌ ഹൈക്കോടതി

സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് സംശയം ഉന്നയിക്കുകയായിരുന്നു

Update: 2022-01-22 06:24 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി.ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് സംശയങ്ങള്‍ ഉന്നയിച്ചത്.

ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാല്‍ അത് ക്രിമിനല്‍ ഗൂഢാലോചനയായി പരിഗണിക്കാനാവുമോ എന്ന് കോടതി ചോദിച്ചു. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് സംശയം ഉന്നയിക്കുകയായിരുന്നു.

പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും ഒരുമിച്ച് ചുമത്താനാവുമോ എന്നും കോടതി ചോദിച്ചു. കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് പ്രോസിക്യൂഷനോട് ആരായുകയാണ് കോടതി ചെയ്തത്. മറ്റു ഹരജികള്‍ പരിഗണിച്ചതിന് ശേഷമാണ് ഇനി ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുക.

ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ളവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ തെളിവുകളുണ്ടെന്നും എല്ലാ തെളിവുകളും തുറന്നകോടതിയില്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Tags:    

Similar News