പിരിവ് നല്‍കാത്തതിന് പണിയെടുക്കാന്‍ അനുവദിക്കുന്നില്ല; സിപിഎം നേതാവിന്റെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ അംഗപരിമിതന്റെ ആത്മഹത്യാശ്രമം. പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ വടകര തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്താനായിരുന്നു പ്രശാന്തിന്റെ ശ്രമം. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടയുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് പ്രശാന്ത് ആരോപണം ഉന്നയിക്കുന്നത്.
'പിരിവ് നല്‍കാത്തത്തിലുള്ള ശത്രുത മൂലം നിരന്തരം നേതാക്കന്‍മാര്‍ പീഡിപ്പിക്കുന്നു. തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ല. പോറോട്ട ഉണ്ടാക്കി സ്ഥലങ്ങളില്‍ കൊണ്ടുപോയി കൊടുത്ത് ജീവിക്കുന്നതാണ്. അതും ഇന്ന് തടസ്സപ്പെടുത്തി. തന്റെ ജീവിതമാര്‍ഗം വഴിമുട്ടി. അതുകൊണ്ടാണ് താന്‍ ഈ റോഡില്‍ വന്നുകിടക്കുന്നത്. ഇനി നേതാക്കള്‍ തന്നെ തീരുമാനിക്കട്ടെ താന്‍ മരിക്കണോ ജീവിക്കണോ എന്ന്. നാലാള് കൂടിയാല്‍ തനിക്ക് എഴുന്നേല്‍ക്കാനാവില്ല. പിന്നെ എങ്ങനെയാണ് താന്‍ ജീവിക്കേണ്ടേത്. സ്‌കൂളില്‍ പോവാതെയാണ് തന്റെ മക്കള്‍ നില്‍ക്കുന്നത്. നേതാക്കള്‍ തന്നെ കൊന്നിട്ട് അവര്‍ സുഖിച്ച് ജീവിച്ചോട്ടെ'- പ്രശാന്ത് പറയുന്നു.