പ്രവാസി പരിശോധന: ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ ശ്രമം

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇതു സഹായിക്കും.

Update: 2020-06-18 15:21 GMT

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇതു സഹായിക്കും. സംസ്ഥാനത്ത് ഇതുവരെ 2,79,657 ആളുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി എത്തിയിട്ടുള്ളത്. ഇതില്‍ 1172 പേര്‍ക്ക് പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 669 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 503 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗബാധിതരില്‍ 327 പേര്‍ റോഡു വഴിയും 128 പേര്‍ ട്രെയിനിലുമാണ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതരായവരുടെ കണക്ക് നോക്കിയാല്‍ മഹാരാഷ്ട്രയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ - 313. യഥാര്‍ത്ഥത്തില്‍ ഈ കണക്കുകള്‍ നമ്മുടെ ജാഗ്രത കൂടുതല്‍ വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണ് സൂചിപ്പിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.


Tags:    

Similar News