യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവാത്ത പിഎസ്‌സി പിരിച്ചുവിടുക: ജസ്റ്റിസ് കെമാല്‍ പാഷ

ആള്‍ ഇന്ത്യാ ഡമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ (എഐഡിവൈഒ) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2020-08-25 15:36 GMT

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ 21 പ്രതിനിധികളെ ചേര്‍ത്ത് ഖജനാവ് മുടിക്കുന്ന പിഎസ്‌സി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉപയോഗപ്പെടുന്നില്ലെങ്കില്‍ പിരിച്ചുവിടുകയാണ് ഭേദമെന്ന് പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. ആള്‍ ഇന്ത്യാ ഡമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍ (എഐഡിവൈഒ) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ചു സര്‍ക്കാരുകള്‍ വലിയ അഴിമതികളാണ് നടത്തുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത് യുവാക്കളോട് ചെയ്യുന്ന ശുദ്ധ വഞ്ചനയാണ്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് പോലുള്ള കണ്‍സല്‍ട്ടന്‍സികള്‍ക്ക് യഥേഷ്ടം നിയമനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നു. കണ്‍സല്‍ട്ടന്‍സികള്‍ ഇല്ലെങ്കില്‍ സര്‍ക്കാറിന് മുന്നോട്ടുപോകാനാകില്ല എന്നു പറയുന്ന മന്ത്രിമാരോട് പുച്ഛമാണ് തോന്നുന്നത്. മറുവശത്ത്, പിഎസ്‌സിയെ നോക്കുകുത്തിയാക്കി, പരീക്ഷാ ക്രമക്കേടുകളുള്‍പ്പടെ നടത്തുന്നു. ഇന്നിപ്പോള്‍ കൊറോണ രോഗം വ്യാപിച്ച് മുഴുവന്‍ മേഖലകളിലും പ്രതിസന്ധിയിലാണ്. മറ്റുള്ളവര്‍ക്ക് ക്ഷേമപെന്‍ഷനെങ്കിലും കിട്ടുന്നുണ്ട് .യുവാക്കളുടെ അവസ്ഥയെന്താണ് തൊഴിലില്ലായ്മ വേതനം എന്നത് പിച്ചക്കാശിനു പോലും തികയില്ല. പ്രതിമാസം 120 രൂപ നല്‍കി യുവാക്കളെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ തൊഴിലില്ലായ്മയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. യുവാക്കളുടെ ശബ്ദം വനരോദനങ്ങളായി മാറരുത്. അവ ബധിര കര്‍ണങ്ങളെ തുറപ്പിക്കണം. തൊഴില്‍ ഒരു അവകാശമാണ്. തൊഴിലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ യുവാക്കളോടൊപ്പമുണ്ടാകുമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ഉറപ്പു നല്‍കി.

തൊഴില്‍ തരൂ, ജീവിക്കാന്‍ അനുവദിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ വി പ്രകാശ് വിഷയാവതരണം നടത്തി. സിജോ ജോസ് (സംസ്ഥാന സെക്രട്ടറി, ഫെറ), വിനേഷ് ചന്ദ്രന്‍ (എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍), അഭിരാജ് ഉണ്ണി (സംസ്ഥാന കമ്മിറ്റിയംഗം യുഎന്‍എ), അലീന എസ് (സംസ്ഥാന കണ്‍വീനര്‍, യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്റ്റ് കൊളീജിയറ്റ് എജ്യുക്കേഷന്‍) സംസാരിച്ചു.

Tags:    

Similar News