അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ മന്ത്രി പി തങ്കമണിയുടെ 69 സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃതമായി സമ്പാദിച്ച സ്വത്ത് ക്രിപ്‌റ്റോ അക്കൗണ്ടുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി

Update: 2021-12-15 07:22 GMT

ചെന്നൈ: തമിഴ്‌നാട് മുന്‍ വൈദ്യുതി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ പി തങ്കമണിയുടെ ഓഫിസുകളിലും, വീട്ടിലും വിജിലന്‍സ് റെയ്ഡ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ തങ്കമണിയുമായി ബന്ധപ്പെട്ട 69 സ്ഥാപനങ്ങളിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് പരിശോധന. തങ്കമണിക്കും ഭാര്യക്കും മകനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ മുന്‍ മന്ത്രിമാരുടെ വീട്ടില്‍ കഴിഞ്ഞ കുറച്ച് കാലമായി നടന്നു വരുന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ തങ്കമണിയുടെ വീട്ടില്‍ നടക്കുന്ന പരിശോധനയും. കഴിഞ്ഞ സര്‍ക്കാരില്‍ അംഗങ്ങളായിരുന്നവരില്‍ പരിശോധനയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് തങ്കമണി. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് പരിശോധന. 4.58 കോടിയുടെ അധിക സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മുന്‍ മന്ത്രിക്കും കുടുംബത്തിനുമെതിരെ സെക്ഷന്‍ 13(2), 13(1)(ബി) പ്രകാരവും, അഴിമതി നിരോധന നിയമത്തിന്റെ 13(1) (ഇ) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

തങ്കമണിയുടെ മരുമകള്‍ ടി ശാന്തി വീട്ടമ്മയാണെന്നും എന്നാല്‍ അവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നും ഇത് തങ്കമണി മന്ത്രിയായിരിക്കേ അനധികൃതമായി സമ്പാദിച്ച സ്വത്തില്‍ നിന്നാണെന്നും വിജിലന്‍സ് കണ്ടെത്തി.

തങ്കമണിയും, മകന്‍ ധരിണാധരനും അനധികൃതമായി സമ്പാദിച്ച സ്വത്ത് ക്രിപ്‌റ്റോ അക്കൗണ്ടുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. ക്രിപ്‌റ്റോ സെക്ടറില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലിസിന്റെ സൈബര്‍ വിഭാഗത്തിലെ ബ്ലോക്ക്‌ചെയിന്‍ വിദഗ്ധരുടെ സേവനം വകുപ്പ് ഉപയോഗിക്കും.രാജ്യത്ത് ഒരു സംസ്ഥാനത്തെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ നിയമവിരുദ്ധ നിക്ഷേപം നടത്തിയെന്ന് ഒരു അന്വേഷണ ഏജന്‍സി സ്ഥിരീകരിക്കുന്ന ആദ്യ സംഭവം കൂടിയാണ് ഇത്.

Tags:    

Similar News