കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്‌തേക്കും
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസില്‍ മുന്‍ എംഎല്‍എയും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കാനായി അബ്ദുല്ലക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കും. കണ്ണൂര്‍ സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നത്തെ
ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നുമാണ് കണ്ടെത്തിയത്. പദ്ധതി നടപ്പാക്കുന്ന സമയത്ത് കണ്ണൂര്‍ എം എല്‍ എ ആയിരുന്ന അബ്ദുല്ലക്കുട്ടിയുടെ മൊഴി വിജിലന്‍സ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. പദ്ധതിയില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുല്ലക്കുട്ടി വിജിലന്‍സിന് മൊഴി നല്‍കിയത്. എന്നാല്‍ ഡിടിപിസിയില്‍ നിന്നുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത രേഖകളില്‍ അബ്ദുല്ലക്കുട്ടിയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. പദ്ധതിയുടെ കരാര്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് ലഭിക്കാനായി അബ്ദുല്ലക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകളാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാകും കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കണമോയെന്ന കാര്യം തീരുമാനിക്കുക. 3.8 കോടി രൂപ ചെലവിട്ടാണ് 2016ല്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ടുവര്‍ഷത്തിന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം അനുവദിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി നിലച്ചു. കണ്ണൂര്‍ കോട്ടയുടെ ചരിത്രം പറയുന്ന വിധത്തിലാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ വിഭാവനം ചെയ്തിരുന്നത്.