സിപിഎമ്മില്‍ ഭിന്നത; വയനാട് മെഡി.കോളജ് പ്രഖ്യാപനം നീളുന്നു
സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കല്‍പ്പറ്റ എം.എല്‍.എ സികെ ശശീന്ദ്രന്‍ പുളിയാര്‍മലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിനെതിരേ രംഗത്തു വന്നതോടെയാണ് വയനാട് മെഡി.കോളജ് അനിശ്ചിതത്വത്തിലായത്
പി സി അബ്ദുല്ല
കല്‍പ്പറ്റ: ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനം നീളുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള തീരുമാനവും അട്ടിമറിഞ്ഞു. സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പ്രാദേശിക വാദത്തിലൂന്നിയുള്ള ചിലരുടെ സമ്മര്‍ദ്ദങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം.
മാനന്തവാടി ജില്ലാ ആശുപത്രിയിയില്‍ വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാഴ്ച മുന്‍പെ തീരുമാനമായിരുന്നു. എന്നാല്‍, സികെ ശശീന്ദ്രന്‍ എംഎല്‍എയടക്കമുള്ളവര്‍ കടുത്ത എതിര്‍പ്പുയര്‍ത്തി എന്നാണു പുറത്തു വരുന്ന വിവരങ്ങള്‍. കല്‍പറ്റയിലെ ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം സുല്‍ത്താന്‍ ബത്തേരി ലോബിയും എതിര്‍പ്പുമായി രംഗത്തു വന്നു. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാവാനിരിക്കെയായിരുന്നു മാനന്തവാടിയില്‍ മെഡികോളജ് ആരംഭിക്കുന്നതിനെതിരെ കരുനീക്കങ്ങള്‍ ശക്തമായത്. മടക്കിമലയില്‍ ചന്ദ്രപ്രഭ ട്രസ്റ്റ് നല്‍കിയ ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതിനിടെയാണ് സികെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ അട്ടിമറികള്‍ അരങ്ങേറിയത്.
ഇടതു സര്‍ക്കാരും സിപിഎമ്മും വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണത്തില്‍ നിന്നും ദുരൂഹമായി ഉള്‍വലിയുകകയായിരുന്നു. പിന്നീട് ഏറെ നാടകീയതകള്‍ക്കും ദുരൂഹതകള്‍ക്കുമൊടുവിലാണ് ഡിഎം വിംസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളാജായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.കച്ചവട താല്‍പര്യങ്ങളും കമ്മീഷന്‍ ആരോപണങ്ങളും ഉന്നയിക്കപ്പെടുമ്പോഴും എളുപ്പം മെഡിക്കല്‍ കോളജ് നിലവില്‍ വരുമെന്നതിനാല്‍ ഡിഎം വിംസ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വയനാട്ടുകാര്‍ പൊതുവെ സ്വാഗതം ചെയ്തിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ഒഴിവായി കിട്ടുമെന്നതാണ് നേട്ടമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
എന്നാല്‍, ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. മാനന്തവാടിക്കെതിരെ നീക്കങ്ങള്‍ ശക്തമായതോടെ വയനാട് മെഡി.കോളജ് യാഥാര്‍ഥ്യമാവാനുള്ള സാധ്യത ഇനിയും വിദൂരമാണ്. മടക്കിമലയില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലത്ത് മെഡി.കോളജ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി വീണ്ടും രംഗത്തു വന്നിട്ടുണ്ട്.മാനന്തവാടി ജില്ലാ ആശുപത്രി മെഡി.കോളാജായി ഉയര്‍ത്തുന്നതിനോടും ആക്ഷന്‍ കമ്മിറ്റിക്ക് എതിര്‍പ്പില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍മടക്കിമലയില്‍ 648 കോടി രൂപ മെഡിക്കല്‍ കോളജിനു വേണ്ടി അനുവദിച്ചിരുന്നു.എന്നാല്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ കല്‍പ്പറ്റ എം.എല്‍.എ സികെ ശശീന്ദ്രന്‍ പുളിയാര്‍മലയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിനെതിരേ രംഗത്തു വന്നതോടെയാണ് വയനാട് മെഡി.കോളജ് അനിശ്ചിതത്വത്തിലായത്.
മടക്കിമലയില്‍ ദാനമായി ലഭിച്ച ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന് ജിയോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യുടെ റിപോര്‍ട്ട് ഉണ്ടെന്നാണ് സികെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ചുവടു പിടിച്ച് മെഡിക്കല്‍ കോളജിനായി വേറെ ഭൂമി പൊന്നുംവിലക്കു വാങ്ങാനും നീക്കങ്ങള്‍ നടത്തി.മെഡിക്കല്‍ കോളജിന് സ്ഥലം അനുയോജ്യമല്ലെന്ന പഠന റിപ്പോര്‍ട്ട് ആര് എപ്പോള്‍ നടത്തിയെന്നോ, ആര് അവരെ അധികാരപ്പെടുത്തിയെന്നോ ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ റിപോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
ഇതിനിടെ,വൈത്തിരി പഞ്ചായത്തിലെ ചുണ്ടേല്‍ വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റ് ഭൂമി മെഡിക്കല്‍ കോളജിനായി സര്‍ക്കാര്‍ വിലക്കു വാങ്ങി. എന്നാല്‍,ഇടപാട് പൂര്‍ത്തിയായില്ല.
മടക്കിമലയിലെ ദാനം കിട്ടിയ ഭൂമിയില്‍ വയനാട് മെഡിക്കല്‍ കോളജ് പറ്റില്ലെന്ന ചിലരുടെ വാശിക്ക് പിന്നില്‍ ഒട്ടേറെകാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പത്മപ്രഭയുടെ കുടുംബത്തോടും രാഷ്ട്രീയത്തോടുമുള്ള സിപിഎമ്മിന്റെ തീരാത്ത പക, പുതിയ ഭൂമിക്കച്ചവടത്തിനു പിന്നിലെ കമ്മീഷന്‍ സാധ്യതകള്‍,സികെ ശശീന്ദ്രനടക്കമുള്ള ചിലരുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ ഒക്കെയാണ് വയനാട് മെഡി.കോളജ് അട്ടിമറിയുടെ കാരണങ്ങളായിഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വയനാട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിക്ക് ജില്ലയില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും.