'ടീച്ചറായി ജില്ലാ കലക്ടര്‍'; എടയൂര്‍കുന്നില്‍ ആദ്യ സ്‌കൂള്‍ ദിനം പുതുമയായി
കല്‍പ്പറ്റ: മാനന്തവാടി എടയൂര്‍കുന്ന് സ്‌കൂളില്‍ ആദ്യ പാഠ്യ ദിനം ടീച്ചറായെത്തിയത് ജില്ലാ കലക്ടര്‍. ടീച്ചറുടെ ചോദ്യത്തിന് ഉത്സാഹത്തോടെ ഓരോരുത്തരുടെയും മറുപടി. കുട്ടികളുടെ സന്തോഷത്തില്‍ ടീച്ചര്‍ക്കും ഉത്സാഹം. എടയൂര്‍ക്കുന്ന് ജി.എല്‍.പി സ്‌കൂളില്‍ വേറിട്ട പ്രവേശനോത്സവത്തില്‍ നാലാം ക്ലാസ്സിലെ ടീച്ചറായി എത്തിയത് ജില്ലാ കലക്ടര്‍ എ ഗീതയായിരുന്നു.
നാല് ബി ക്ലാസില്‍ കൂട്ടുകാരെ വീണ്ടും കണ്ട സന്തോഷത്തില്‍ ഇരിക്കുമ്പോളാണ് പുതിയ ടീച്ചര്‍ പരിചയപ്പെടാന്‍ എത്തിയത്. എല്ലാവരും എഴുന്നേറ്റ് നിന്ന് ഒരേ സ്വരത്തില്‍ ഗുഡ് മോണിംഗ് പറഞ്ഞു. എല്ലാവരും മാസ്‌ക്ക് കൃത്യമായി ധരിച്ച് അകലം പാലിച്ചാണ് ഇരിക്കുന്നത് എന്ന് കണ്ട ടീച്ചറും ആവേശത്തിലായി. പിന്നീട് ടീച്ചറുടെ വക കുശലാന്വേഷണവും കുട്ടികളുടെ പാട്ടും ആയി ക്ലാസ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് പെട്ടന്ന് പത്രക്കാരും മറ്റ് അധ്യാപകരും ക്ലാസിലേക്ക് വന്നത്. അപ്പോളാണ് ഇത്രയും സമയം തങ്ങള്‍ക്ക് ക്ലാസ് എടുത്തിരുന്നത് ജില്ലാ കലക്ടര്‍ ആണെന്ന് കുട്ടികള്‍ അറിഞ്ഞത്. ചിരി മാസ്‌ക്കുകള്‍ക്കുള്ളില്‍ മാഞ്ഞ് പോയെങ്കിലും കണ്ണുകളിലെ തിളക്കം കുട്ടികളിലെ മനസ്സിലെ സന്തോഷം പ്രകടമാക്കുന്നതായിരുന്നു.
ഒന്നര വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും വിദ്യാലയം ഉണര്‍ന്നപ്പോള്‍ ചുറ്റിലും പുതിയ കാഴ്ചകള്‍. കുരുത്തോലകള്‍ കൊണ്ടും വര്‍ണ്ണബലൂണുകള്‍ കൊണ്ടും അലങ്കരിച്ച പരിസരങ്ങളും ക്ലാസ്സ് മുറിയും. ഇതിനെല്ലാം പുറമെ ജില്ലാ കലക്ടറും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ സമ്പൂര്‍ണമാവുകയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ ദിനം. തിരക്കുകള്‍ക്കിടയിലും വയനാടിന്റെ വിദൂര ഗ്രാമത്തിലെ വിദ്യാലയത്തില്‍ കളക്ടറും രാവിലെ എത്തുകയായിരുന്നു. ആദ്യബെല്‍ മുഴങ്ങുമ്പോഴും കുട്ടികളും രക്ഷിതാക്കളുമെല്ലാം ഹാജര്‍. പുത്തന്‍ ഉടുപ്പും ബാഗും കുടയുമെല്ലാമെടുത്ത് ചിലര്‍. കസവ് മുണ്ടും ചന്ദക്കുറിയുമെല്ലാം ചാര്‍ത്തി അമ്മമാരുടെ കൈപിടിച്ച് കുഞ്ഞുമലയാളിയായും ചിലര്‍. ആദ്യ ദിനത്തിലെ അങ്കലാപ്പുകളെയെല്ലാം മറികടന്നായിരുന്നു ഇവിടെ പ്രവേശനോത്സവം. മധുരവിതരണവും പായസവുമെല്ലാമായി ആഘോഷത്തിമിര്‍പ്പിലായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം.
ഒന്നര വര്‍ഷമായി ക്ലാസ്സ്മുറികള്‍ അടഞ്ഞിട്ട്. വീണ്ടും വിദ്യാലയം തുറന്നപ്പോള്‍ കുട്ടികള്‍ക്കും സന്തോഷം. കൊവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പഠനങ്ങള്‍ മുന്നോട്ട് പോകണമെന്ന് കലക്ടര്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സോപ്പ് ഇട്ട് കൈകള്‍ കഴുകി കുളിക്കണമെന്നും കലക്ടര്‍ കുട്ടികളോട് പറഞ്ഞു. അനുസരണയോടെ എല്ലാവരും തലകുലുക്കി സമ്മതിച്ചു. പാട്ടും, കഥയുമായി കുട്ടികളും കലക്ടറും ആദ്യ ക്ലാസ്സിനെ വേറിട്ടതാക്കുകയായിരുന്നു.
നാല്‍പ്പത് ശതമാനത്തോളം ഗോത്ര വിദ്യാത്ഥികള്‍ പഠിക്കുന്ന എടയൂര്‍ക്കുന്ന് ജി.എല്‍.പി.യില്‍ ഇത്തവണ ഒന്നാം ക്ലാസ്സില്‍ 72 കുട്ടികളാണ് പ്രവേശനം നേടിയത്. ആകെ 331 കുട്ടികളാണ് പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ ഇവിടെ പഠിക്കുന്നത്. 13 അധ്യാപകരും ഇവിടെയുണ്ട്. അടിയ വിഭാഗത്തിലെ കുട്ടികളാണ് ഇവിടെ ഏറെയുള്ളത്. കൊവിഡ് മഹാമാരിയുടെ അതിജീവനത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷമുള്ള പ്രവേശനോത്സവം നാടിന്റെയും ഉത്സവമായി മാറി.
പ്രവേശനോത്സവം അക്ഷരദീപം തെളിയിച്ച് ജില്ലാ കലക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ ലൈബ്രറി സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനപ്പതിപ്പ് ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ സുശീല പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നേര്‍കാഴ്ച ചിത്രരചന മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഡിഡിഇ ലീല കെ വി. നിര്‍വഹിച്ചു. ഫസ്റ്റ് ബെല്‍ റിങ്ങിങ് വാര്‍ഡ് മെമ്പര്‍ കെ സിജിത്ത് നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, ിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി ലീല, ഡിടിപിസിഡി എം മാനേജര്‍ അമിത് രമണന്‍, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഐ ടി മിഷന്‍ ഡിപിഎം നിവേദ്, പിടിഎ പ്രസിഡന്റ് കെ എം വിനോദ്, പ്രധാന ധ്യാപകന്‍ തോമസ് ആന്റണി, ടി മധു സംസാരിച്ചു.