കലക്ടറേറ്റില്‍ വൈദ്യുതി പാഴാക്കിയതിന് ലൈറ്റും ഫാനും ഓഫാക്കി ശിക്ഷിച്ചു

വൈദ്യുതി പാഴാക്കിയതില്‍ ദേശീയ ഖജനാവിന് നഷ്ടമുണ്ടായെന്നും അത് നികത്താന്‍ ഒരു മണിക്കൂറോളം വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കണമെന്നും ഉദ്യോഗസ്ഥരോട് മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു എന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാകേഷ് ചൗഹാന്‍ പറഞ്ഞു.

Update: 2020-09-11 04:23 GMT

ഗാസിയാബാദ്: കലക്ട്രേറ്റില്‍ വൈദ്യുതി പാഴാക്കിയതിന് ജീവനക്കാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ ശിക്ഷ. ഗാസിയാബാദ് കലക്ട്രേറ്റ് ജീവനക്കാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡെയാണ് ശിക്ഷ നല്‍കിയത്. ഒരു മണിക്കൂറോളം ലൈറ്റും ഫാനും എസിയും ഇല്ലാതെ ജോലി ചെയ്യാനാണ് മജിസ്‌ട്രേറ്റിന്റെ ശിക്ഷ.

വ്യാഴാഴ്ച 9.30 ഓടെ കലക്ട്രേറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ജീവനക്കാരുടെ വൈദ്യുതി പാഴാക്കല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥര്‍ വരുന്നതിന് മുമ്പ് തന്നെ രണ്ട് ഡസനിലധികം ഓഫീസുകളില്‍ ലൈറ്റുകളും ഫാനുകളും എയര്‍കണ്ടീഷണറുകളും ഓണ്‍ ചെയ്തതായി കണ്ടെത്തി. വൈദ്യുതി പാഴാക്കിയതില്‍ ദേശീയ ഖജനാവിന് നഷ്ടമുണ്ടായെന്നും അത് നികത്താന്‍ ഒരു മണിക്കൂറോളം വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കണമെന്നും ഉദ്യോഗസ്ഥരോട് മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു എന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  രാകേഷ് ചൗഹാന്‍ പറഞ്ഞു.

മുന്‍പും വൈദ്യുതി പാഴാക്കലിന്റെ പേരില്‍ അജയ് ശങ്കര്‍ പാണ്ഡെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിടെ വൈദ്യുതി പാഴാക്കള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഫീസര്‍മാര്‍ക്ക് 1000 രൂപയും ജീവനക്കാര്‍ക്ക് 500രൂപയുമാണ് അന്ന് അദ്ദേഹം ചുമത്തിയത്. 

Tags:    

Similar News