ഡി കെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് : തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവായ ഡി കെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡ് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തയ്യാറെടുപ്പുകള്‍ അട്ടിമറിക്കാനാണെന്ന് ആരോപണം. കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റായ ശിവകുമാറിന്റെ മുംബൈയിലും ബംഗളൂരുവിലുമുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
സംസ്ഥാനത്തെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവാണ് ശിവകുമാര്‍. ശിവകുമാറിനെ നിശ്ശബ്ദനാക്കിയാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുമെന്ന കണക്കുകൂട്ടലാണ് റെയ്ഡിനു പിന്നിലെന്നാണ് പലരും കരുതുന്നത്. മുന്‍ മുഖ്യമന്ത്രി സീതാരാമയ്യ ഇതേ കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.
പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും ജനങ്ങളെ വഴിതെറ്റിക്കാനുമുള്ള ശ്രമമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇന്ന് രാവിലെയാണ് സിബിഐ സംഘം 14 സ്ഥലങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. സിബി ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരേ സിബി ഐ കള്ളപ്പണം വെളുപ്പിക്കലിനും മറ്റും കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ സിബിഐക്ക് കഴിഞ്ഞ വര്‍ഷം കൈമാറിയിരുന്നു.