കന്നഡഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ബഹുരാഷ്ട്രക്കമ്പനികള്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ഡി കെ ശിവകുമാര്‍
ബെംഗളൂരു: കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഗൂഗിളിനും ആമസോണിനുമെതിരേ അന്വേഷണംനടത്തി നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍.
''കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളും ആമസോണും കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആരാണ് എന്തിനാണ് കന്നഡികരുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്? എന്തിനാണ്? ആര്‍ക്കാണ് കന്നഡികരുമായി പ്രശ്‌നമുള്ളത്?''- പ്രശ്‌നം ഗൗരവമായി എടുത്ത് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു.
കമ്പനികള്‍ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാനഡ ആമസോണില്‍ കര്‍ണാടക സംസ്ഥാന പതാകയുടെ ഡിസൈന്‍ ഉള്‍പ്പെടുത്തി ബിക്കിനി വില്‍പ്പനക്കു വച്ചിരുന്നു. നേരത്തെ ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയാണെന്നാണ് ഗൂഗിളില്‍ നടത്തുന്ന തിരച്ചലില്‍ കണ്ടിരുന്നത്. ഇതിനെതിരേ കന്നഡികരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.