പ്രതികൂല അവസ്ഥകള്‍ കണ്ട് നിരാശരാകരുത്; മനക്കരുത്തോടും പ്രാര്‍ത്ഥനയോടും കൂടി മുന്നോട്ടു നീങ്ങുക: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
ബാബരി മസ്ജിദ് നിന്ന സ്ഥലം ലോകാവസാനം വരെ മസ്ജിദ് തന്നെയായിരിക്കും എന്ന കാര്യം നാം വിസ്മരിക്കരുത്
ഓച്ചിറ: നാനൂറിലേറെ വര്‍ഷക്കാലം അല്ലാഹുവിന് സുജൂദ് ചെയ്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന ഈ വേളയില്‍ നാം തളരുകയോ നിരാശരാകുകയോ ചെയ്യരുതെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന പ്രസിഡന്റ് മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു.
എത്ര പ്രതികൂലമായ ചുറ്റുപാടിലാണെങ്കിലും അല്ലാഹുവില്‍ പ്രതീക്ഷ അര്‍പ്പിച്ചു നാം മുന്നോട്ട് ഗമിക്കുക തന്നെ വേണം. ലോകത്തെവിടെയാണെങ്കിലും ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടാല്‍ ലോകാവസാനം വരെ അത് മസ്ജിദ് തന്നെയായിരിക്കും. അതിനാല്‍ ബാബരി മസ്ജിദ് നിന്ന സ്ഥലം ലോകാവസാനം വരെ മസ്ജിദ് തന്നെയായിരിക്കും എന്ന കാര്യം നാം വിസ്മരിക്കരുത്. അവിടെ ക്ഷേത്രം പണിതാലും വിഗ്രഹങ്ങള്‍ സ്ഥാപിച്ചാലും വീണ്ടും പൂര്‍വ്വ പ്രതാപത്തോടെ മസ്ജിദായി മാറുമെന്നതിന് ചരിത്രം മാത്രമല്ല വര്‍ത്തമാനകാല സംഭവങ്ങളും സാക്ഷിയാണ്. മൗലാനാ ഖാസിമി ഉണര്‍ത്തി.
ലോകത്തിലെ ആദ്യ തൗഹീദീ കേന്ദ്രമായ കഅ്ബാ ശരീഫില്‍ എത്രയോ കാലം വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ബഹുദൈവാരാധനയുടെ കേന്ദ്രമാക്കി മാറ്റിയിരുന്നു.
പിന്നീട് മുഹമ്മദ് നബിയിലൂടെ തൗഹീദിന്റെ ആഗോള കേന്ദ്രമായി മാറുകയും ഇന്നും അങ്ങനെ തന്നെ പ്രശോഭിച്ച് നില്‍ക്കുകയും ചെയ്യുന്നത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ബാബരി മസ്ജിദ് ഇന്ത്യയിലെന്നല്ല ലോകം മുഴുവന്‍ തൗഹീദിന്റെ സംഗീതം മുഴക്കുന്ന ഒരു നാളെ നമുക്ക് പ്രതീക്ഷിക്കാം -മൗലാനാ വ്യക്തമാക്കി.
അതിനായി പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങി നന്മകളില്‍ നിരതരാവുകയും സ്വഭാവബന്ധങ്ങളും വ്യക്തിസാമൂഹ്യ ജീവിതവും മാതൃകാപരമാക്കുകയും വേണം. ഒപ്പം തന്ത്രജ്ഞതയോടും മനക്കരുത്തോടും പ്രാര്‍ത്ഥനയോടും കൂടി മുന്നോട്ടുനീങ്ങാന്‍ നാം തയ്യാറാകണമെന്നും മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അഭ്യര്‍ത്ഥിച്ചു.