'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ റാം'ആലപിച്ച ഗായികക്കെതിരേ പ്രതിഷേധം

'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്നതിന് പകരം 'ശ്രീ രഘുനന്ദന്‍ ജയ് സിയ റാം, ജാനകി വല്ലഭ് സീതാ റാം' എന്ന് പാടി ഗായിക വരികള്‍ തിരുത്തിയെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു

Update: 2024-12-27 10:39 GMT

പട്‌ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടിയില്‍ 'രഘുപതി രാഘവ് രാജാ റാം'ആലപിച്ച നാടോടി ഗായികക്കെതിരേ പ്രതിഷേധം. നാടോടി ഗായികയായ ദേവി, 'രഘുപതി രാഘവ് രാജാ റാം' പാടാന്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. 'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്നതിന് പകരം 'ശ്രീ രഘുനന്ദന്‍ ജയ് സിയ റാം, ജാനകി വല്ലഭ് സീതാ റാം' എന്ന് പാടി ഗായിക വരികള്‍ തിരുത്തിയെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഒടുവില്‍ മാപ്പ് പറഞ്ഞാണ് ഗായിക വേദി വിട്ടത്.

'ഹിന്ദുത്വം എല്ലാവരേയും അംഗീകരിക്കുന്ന മതമാണ്, ഹിന്ദുവും മുസ് ലിംകളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരങ്ങളാണ്, മനുഷ്യത്വമാണ് ഏറ്റവും വലിയ മതം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ പലര്‍ക്കും ഈ വാക്ക് ഇഷ്ടപ്പെട്ടില്ല. അള്ളാഹു, ഈശ്വരാ, അള്ളാ എന്നത് ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങളാണ്.

അവര്‍ എന്റെ ആരാധകരാണ്, പക്ഷേ ചിലപ്പോള്‍, ഒരു ചെറിയ വാക്ക് ആരെയെങ്കിലും വേദനിപ്പിക്കും, അവരെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം, പക്ഷേ അവര്‍ മനുഷ്യത്വത്തിന്റെ മതം സ്വീകരിക്കണമെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു,' അവര്‍ പറഞ്ഞു. ദേവി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിയെയാണ് ബിജെപിയും ആര്‍എസ്എസും അവഹേളിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആര്‍എസ്എസും ബിജെപിയും എത്രമാത്രം ഗാന്ധിയെ വെറുക്കുന്നുവെന്നതിന്റെ തെളിവാണിത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്നവര്‍ക്ക് ഗാന്ധിയെ ആദരിക്കാന്‍ കഴിയില്ല. ഇത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം മുന്നോട്ടുനയിക്കുന്ന രാജ്യമാണെന്ന് അവര്‍ ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Tags:    

Similar News