വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും മരിച്ചു
സുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷറര്‍ സുല്‍ത്താന്‍ ബത്തേരി മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍ (78), മകന്‍ ജിജേഷ് (38) എന്നിവര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം. എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടത്. ഗുരുതരാവസ്ഥയില്‍ കാണപ്പെട്ട ഇരുവരെയും ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മകനും രാത്രിയോടെ വിജയനും മരിച്ചു.
സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗണ്‍സിലര്‍, സര്‍വിസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ എന്‍.എം. വിജയന്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുമ. വിജേഷ് മറ്റൊരു മകനാണ്. സുല്‍ത്താന്‍ബത്തേരി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ മുമ്പ് താല്‍ക്കാലിക ജീവനക്കാരനായിരുന്ന ജിജേഷ് അവിവാഹിതനാണ്.