വീണ്ടും ലിഫ്റ്റ് പണിമുടക്കി; മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളില്‍ നിന്നും തുറക്കാന്‍ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ഡോക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടര്‍ ഫോണില്‍ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റില്‍ കുരുങ്ങിയ രോഗിയെ ഇന്നലെയാണ് കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് വീണ്ടും ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങിയത്.മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശിയും നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനുമായ രവീന്ദ്രന്, ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാന്‍ പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം 11 ആം നമ്പര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫോണ്‍ നിലത്ത് വീണ് തകരാറിലുമായി.
ശനിയാഴ്ച വൈകിട്ടോടെ ലിഫ്റ്റ് തകരാറിലാണെന്ന് ബോധ്യമായോതോടെ ഓപ്പറേറ്റര്‍ ലോക്ക് ചെയ്ത് മടങ്ങിയിരുന്നു. ഈ സമയമെല്ലാം രവീന്ദ്രന് കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും രവീന്ദ്രന് എത്താതായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്കി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് രണ്ട് ദിവസത്തിന് ശേഷം ഇന്നലെ പുലര്‍ച്ചെയോടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ തകരാര്‍ പരിശോധിക്കാന്‍ ലിഫ്റ്റ് തുറന്നത്. ലിഫ്ഫില്‍ മലമൂത്ര വിസര്‍ജ്ജനമടക്കം നടത്തി അവശനിലയിലായിരുന്നു രവീന്ദ്രന്. സംഭവത്തില്‍ 3 ജിവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.