'ജീവിതം മടുത്തതുകൊണ്ട് പോകുന്നു, മരണത്തിൽ മറ്റാരും ഉത്തരവാദികളല്ല'; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍ കോളജിന് അടുത്തുള്ള വീട്ടില്‍ നിന്നാണ് പോലിസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. പോലിസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ഇന്നലെ വൈകിട്ടാണ് മരണവാര്‍ത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങള്‍ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലിസ്.
ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറായ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ ആയിരുന്നു അഭിരാമി. മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
അഭിരാമിയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെ മാതാവ് രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ തകര്‍ത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമില്‍ കിടക്കുന്നത് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് പിതാവിനെ ഫോണ്‍ വിളിച്ചതായും കൊല്ലത്തുള്ള ഭര്‍ത്താവിനടുത്തേക്ക് ഇന്ന് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.